തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദര്ശന് പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണ് സിനിമയെന്നാണ് വിമർശനം. കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാര വേല ദൂരദര്ശന് ഏറ്റെടുക്കരുതെന്നും സിപിഐഎം പ്രസ്താനയിലൂടെ അറിയിച്ചു.
നാളെ രാത്രി എട്ടിന് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്‍ശന്റെ അറിയിപ്പ്. ‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ’ എന്നാണ് ദൂരദർശൻ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സിപിഐഎം പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ:
കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്ശന് പിന്മാറണം. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദര്ശന് പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനില്‍ക്കരുത്. ഏപ്രില്‍ അഞ്ചിന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ചിത്രം ഇറങ്ങിയകാലത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതാണ്. ട്രെയിലറില്‍ ‘32,000 സ്ത്രീകള്‍’ മതം മാറി തീവ്രവാദ പ്രവര്‍ത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചഘട്ടത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതാണ്.
അധിക്ഷേപകരമായ പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് തന്നെ നിര്‍ദേശിച്ച ചിത്രമാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ടികളേയും, നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമ, കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരവേല ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കമാണ് പെട്ടെന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ളത്. ഒരു മണ്ഡലത്തിലും ബിജെപിക്ക് മുന്നേറാനായിട്ടില്ലെന്ന യാഥാര്‍ത്ഥ്യവുമുണ്ട്. ആ സാഹചര്യത്തിലാണ് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന സിനിമ പ്രദര്‍ശനവുമായി ദൂരദര്ശന് മുന്നോട്ടുവരുന്നത്. അത്തരം നീക്കങ്ങളെ മതനിരപേക്ഷ കേരളം ജാഗ്രതയോടെ പ്രതിരോധിക്കും.
കാസർഗോഡ് പഠിക്കാൻ പോയ മൂന്നു പെൺകുട്ടികളെ കൂട്ടത്തിലുണ്ടായിരുന്ന മുസ്ലിം കുട്ടിയും സുഹൃത്തുക്കളും ചേർന്ന് മതം മാറ്റുകയും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാക്കാൻ കൊണ്ടുപോവുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.
ഇത് കേരളത്തിന്റെ കഥയല്ലെന്നും മനപൂർവ്വം കേരള ജനതയെ അപമാനിക്കുന്നതിനും, കേരളത്തിൽ ഹിന്ദു പെൺകുട്ടികൾ വലിയതോതിൽ മതംമാറ്റപ്പെടുന്നു എന്നുമുള്ള തെറ്റിദ്ധാരണാജനകമായ ആശയം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് സിനിമ എന്നുമുള്ള വിമർശനങ്ങളുണ്ടായിരുന്നു.
നേരത്തെയും നിരവധി പ്രൊപ്പഗണ്ട സിനിമകൾ ചെയ്തതിനു വിമർശനങ്ങൾ നേരിട്ടുള്ള സുദീപ്തോ സെന്നാണ് കേരള സ്റ്റോറിയുടെയും സംവിധായകൻ. ഇതൊരു യഥാർഥ കഥയെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച സിനിമയാണെന്ന പ്രചാരണം ശക്തമായിരുന്നു. മൂവായിരത്തോളം സ്ത്രീകളുടെ ജീവിതത്തിൽ സംഭവിച്ച കഥ എന്ന ടാഗ് ലൈനോടുകൂടി വന്ന സിനിമയ്ക്കെതിരെ നിരവധിപേർ നിയമപരമായി നീങ്ങിയതിനെ തുടർന്ന്, മൂന്നു സ്ത്രീകളുടെ കഥ എന്ന് ടാഗ് ലൈൻ മാറ്റേണ്ടി വരികയും ചെയ്തിരുന്നു.