തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻ എംപി പി.കെ.ബിജുവിനെ എട്ടുമണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയച്ച ബിജുവിനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ടുമായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കൗൺസിലർ പി.കെ.ഷാജൻ എന്നിവർ നാളെ ഇഡിക്കു മുന്പിൽ ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയത്. നേരത്തെ 26 വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.
ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നേതാക്കളിൽ നിന്ന് ചോദിച്ചറിയുന്നത്. കരുവന്നൂർ ക്രമക്കേടിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിൽ അംഗമായരുന്നു ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടുള്ള കൗൺസിലർ പി.കെ.ഷാജൻ.