അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് പഞ്ചാബ് കിംഗ്സ്. 200 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബ് വെറും ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ത്രില്ലർ ജയം എത്തിപ്പിടിക്കുകയായിരുന്നു. ആറാമനായി ക്രീസിലെത്തി 29 പന്തില്‍ പുറത്താകാതെ 61* റണ്‍സുമായി ശശാങ്ക് സിംഗാണ് പഞ്ചാബിന്‍റെ വിജയശില്‍പി. ഏഴാം വിക്കറ്റില്‍ ഇംപാക്ട് പ്ലെയറായെത്തിയ അശുതോഷ് ശര്‍മ അക്ഷരാര്‍ഥത്തില്‍തന്നെ കളിയെ സ്വാധീനിച്ചു. 17പന്തില്‍നിന്ന് 31 റണ്‍സുമായി അശുതോഷ് മടങ്ങിയത് പത്തൊന്‍പതാം ഓവറിന്റെ ആദ്യ പന്തില്‍.
ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് രണ്ടാം ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ നഷ്ടമായി (1). ഉമേഷ് യാദവിന് വിക്കറ്റ്. ടീം സ്‌കോര്‍ 48-ല്‍ നില്‍ക്കേ, ജോണി ബെയര്‍സ്റ്റോ നൂര്‍ അഹ്‌മദിന്റെ പന്തില്‍ പുറത്തായി. 24 പന്തുകള്‍ നേരിട്ട് 35 റണ്‍സ് നേടിയ പ്രഭ്‌സിമ്രാനെ മോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചും നൂര്‍ അഹ്‌മദ് ഗുജറാത്തിന് പ്രതീക്ഷയേകി.
സാം കറനും (5) സിക്കന്ദര്‍ റാസയും (15) ജിതേഷ് ശര്‍മയും (എട്ടു പന്തില്‍ 16) മടങ്ങിയതോടെ ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയുമായി ക്രീസില്‍. ഇരുവരും അവസാന ഓവറുകളില്‍ കൂറ്റനടികള്‍ നടത്തി ടീമിനെ വിജയ തീരത്തടുപ്പിച്ചു. പത്തൊന്‍പതാം ഓവറിലെ ആദ്യ പന്തില്‍ അശുതോഷ് മടങ്ങി. പിന്നീടെത്തിയ ഹര്‍പ്രീത് ബ്രാറിനെ (1) സാക്ഷി നിര്‍ത്തി ശശാങ്ക് സിങ് കളി ജയിപ്പിക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടുകയായിരുന്നു. പഞ്ചാബിനെതിരെ ഗുജറാത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. ടീം സ്‌കോർ 29ൽ നിൽക്കെ വൃദ്ധിമാൻസാഹയെ (11) നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ കെയിൽ വില്യംസണും വലിയ ഇന്നിങ്‌സിലേക്കെത്താനായില്ല. 22 പന്തിൽ 26 റൺസെടുത്ത ന്യൂസിലാൻഡ് ക്യാപ്റ്റൻ ഹർപ്രീത് ബ്രാറിന്റെ സ്പിൻ കെണിയിൽ ജോണി ബെയിസ്‌റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. എന്നാൽ സായ് സുദർശൻ-ഗിൽ കൂട്ടുകെട്ട് മധ്യ ഓവറുകളിൽ ഗുജറാത്ത് സ്‌കോറിംഗ് ഉയർത്തി. 19 പന്തിൽ ആറു ബൗണ്ടറിയുമായി 33 റൺസുമായി തകർത്തുകളിച്ച സായ് സുദർശനെ ഹർഷൽ പട്ടേൽ സ്ലോബൗളിൽ കുരുങ്ങി.
ഡെത്ത് ഓവറുകളിൽ ശുഭ്മാൻ ഗിൽ-തെവാത്തിയ കൂട്ടുകെട്ട് തുടരെ സിക്‌സറും ബൗണ്ടറിയും പായിച്ചതോടെ മികച്ച സ്‌കോറിലേക്കെത്താനായി. പഞ്ചാബ് നിരയിൽ കഗിസോ റബാഡെ രണ്ട് വിക്കറ്റുമായി തിളങ്ങി.