ന്യൂഡൽഹി: പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുമ്പോൾ തങ്ങളുടെ ഉത്തരവ് അനുസരിക്കണമെന്ന് സുപ്രീംകോടതി എൻ.സി.പിയുടെ ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളോട് നിർദേശിച്ചു. മാർച്ച് 19നുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവിഭാഗവും നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
‘കുഴൽ വിളിക്കുന്ന മനുഷ്യൻ’ ആണ് തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ്ചന്ദ്ര പവാർ വിഭാഗം അണികളെ ബോധ്യപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. പോസ്റ്ററുകളിലും പരസ്യങ്ങളിലും ‘ക്ലോക്ക്’ ചിഹ്നം ഉപയോഗിക്കരുതെന്ന് പാർട്ടി പ്രവർത്തകരോടും ഭാരവാഹികളോടും പറയണം. ഈ ചിഹ്നം അജിത് പവാർ വിഭാഗത്തിന് അനുവദിച്ചതാണ്.
അജിത് പവാർ വിഭാഗം പോസ്റ്ററുകളിലും പരസ്യങ്ങളിലും ക്ലോക്ക് ചിഹ്നത്തിനൊപ്പം ഇതിന്റെ അവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണെന്ന അറിയിപ്പ് പ്രാധാന്യപൂർവം നൽകണം. ഇത്തരമൊരു അറിയിപ്പ് നൽകണമെന്ന് മാർച്ച് 19നാണ് സുപ്രീംകോടതി നിർദേശിച്ചത്. ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന അജിത് പവാർ വിഭാഗത്തിന്റെ ആവശ്യം കോടതി നിരസിച്ചു. യഥാർഥ എൻ.സി.പി അജിത് പവാറിന്റേതാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചാണ് ക്ലോക്ക് ചിഹ്നം അനുവദിച്ചത്. ഇതിനെതിരെ ശരദ് പവാർ വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.