റാഗിയുടെ ഗുണങ്ങൾ
പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരു പോലെ കഴിക്കാവുന്ന ഒന്നാണ് റാഗി. പോഷകങ്ങളുടെ കലവറ എന്നാണ് റാഗി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവ കുട്ടികള്‍ക്ക് കൊടുക്കുന്നത് ഏറെ നല്ലതാണ്. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഴിക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് ഇത്. ധാരാളം അയേണ്‍ ഉള്ളതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്കും ഇവ കഴിക്കാം. റാഗിയില്‍ ധാരാളം പോളിഫിനോളുകളും നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അല്‍പം റാഗി കഴിക്കുമ്പോള്‍ തന്നെ വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് റാഗി.
റാഗി വെച്ച് ഒരടിപൊളി ലഡ്ഡു തയ്യാറാക്കിയാലോ?
തയ്യാറാക്കാനെടുക്കുന്ന സമയം: 25 മിനുട്ട്
ആവശ്യമായ ചേരുവകൾ
- റാഗി മാവ് – 1 കപ്പ്
- കശുവണ്ടി – 1 പിടി
- വെള്ളം – അരകപ്പ്
- ശർക്കര – 150 ഗ്രാം
- ഏലയ്ക്ക – 4 എണ്ണം പൊടിച്ചത്
- നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി റാഗി മാവ് ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് വറുത്ത് എടുക്കുക. ശേഷം ഒരു പാനിൽ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കി ശർക്കര ചേർത്ത് ശർക്കര ഉരുകുന്നത് വരെ ഇളക്കുക. ശർക്കര ഉരുകി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യുക. ശേഷം ശർക്കര പാനി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു വലിയ പാത്രത്തിൽ റാഗി മാവ്, വറുത്ത കശുവണ്ടി, ഏലക്കയ്പ്പൊടി, ശർക്കര പാനി, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ചെറിയ ചെറിയ ഉരുളകളാക്കി ലഡ്ഡുവിന്റെ രൂപത്തിലാക്കുക. ആരോഗ്യകരവും രുചികരവുമായ റാഗി ലഡൂ തയ്യാർ.