തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 55കാരനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് എറണാകുളം റെയില്‍വേ പൊലീസ് അറിയിച്ചു. ടിടിഇ ജയ്‌സണ്‍ തോമസിനെയാണ് ഭിക്ഷാടകന്‍ എന്ന് തോന്നിക്കുന്നയാള്‍ ആക്രമിച്ചത്.
ഇന്നലെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം.ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. ടിക്കറ്റ് ഇല്ലെങ്കില്‍ ഇറങ്ങിപ്പോകണമെന്ന് ജെയ്സണ്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം.
read more : ഗസ്സയിൽ ഇതുവരെ വിശന്നുമരിച്ചത് 31 കുട്ടികൾ : ആകെ കൊല്ലപ്പെട്ടത് 33,037 പേർ
ജെയ്സണിന്റെ മുഖത്താണ് അടിയേറ്റത്. കണ്ണിനും പരിക്കുണ്ട്. സംഭവത്തിന് പിന്നാലെ കാറ്ററിങ് തൊഴിലാളികളെ തള്ളിമാറ്റി അക്രമി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. ചങ്ങല വലിച്ച് ട്രെയിന്‍ ഉടന്‍ തന്നെ നിര്‍ത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. പ്രതി മദ്യപിച്ചതായി തോന്നുന്നില്ലെന്നും കണ്ണ് പോകാതിരുന്നത് ഭാഗ്യമെന്നുമാണ് ജെയ്സണ്‍ പ്രതികരിച്ചത്. ടിടിഇയുടെയും മറ്റു യാത്രക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന ആളാണ് പ്രതിയെന്ന നിഗമനത്തില്‍ എത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.