‘ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു’ | Malayalees Found Dead

അരുണാചലിലെ സിറോയിൽ ഹോട്ടൽ മുറിയിൽ ആത്മഹത്യാ ചെയ്ത ദമ്പതിമാരും സുഹൃത്തും ബ്ലാക് മാജിക്കിൽ ആകൃഷ്ടരായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ചനിലയിൽ കണ്ടെത്തിയ നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നും കണ്ടെത്തിയ ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. മരണാനന്തരം എത്തുമെന്ന് വാദിക്കുന്ന അന്യഗ്രഹങ്ങളിലെ ജീവിത രീതി സംബന്ധിച്ചും ഇവർ പരിശോധിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്.

മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇവരുടെ തിരച്ചിലിൽ വന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് അരുണാചല്‍ പോലീസ് നല്‍കുന്ന വിവരം. ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പില്‍ ഒപ്പിട്ടിരുന്നതായാണ് പോലീസ് പറയുന്നത്.

ഇവരെ ആരാണ് ബ്ലാക് മാജിക്കിലേക്ക് നയിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിചുവരികയാണ്. രണ്ടു വർഷം മുമ്പേ മരണാനന്തര ജീവിതമെന്ന ആശയത്തെ പിന്തുടർന്ന നവീനും ദേവിയും ഇതിനു മുമ്പും അരുണാചലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ദമ്പതികള്‍ക്കൊപ്പം മരിച്ച സുഹൃത്തായ ആര്യ അന്ധവിശ്വാസത്തിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഈ മരണങ്ങളിൽ പൊലീസിനും കുടുംബാംഗങ്ങള്‍ക്കും മുന്നിൽ ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് മൂന്നുപേരും. അങ്ങനെയുള്ള മൂന്നുപേരെയും ആരാണ് ഇത്തരം അന്ധവിശ്വാസത്തിലേക്ക് ആകർഷിച്ചതും നയിച്ചതും? എന്തുകൊണ്ട് അരുണാചലിലെ സിറോ താഴ്വരയിലേക്ക് ഇവർ പോയി.

നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു. ജോലിയുപേക്ഷിച്ച് ദേവി അധ്യാപികയായി. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ജര്‍മന്‍ പഠിപ്പിക്കുകയായിരുന്നു. നവീന്‍ സ്വന്തം ബിസിനസിലേക്കും മാറി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷമായിരുന്നു. പ്രമുഖ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി. ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ ‘ശ്രീരാഗ’ത്തില്‍ ആര്യാ നായര്‍. ഫ്രഞ്ച് ഭാഷ അധ്യാപികയായി ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ആയിരുന്നു ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നത്. മൂന്നുമാസം മുന്‍പായിരുന്നു ആര്യയുടെ വിവാഹനിശ്ചയം. മെയ് ആറിന് വിവാഹം നടത്താനായിരുന്നു തീരുമാനം.

മാര്‍ച്ച് 28-നാണ് മൂന്നുപേരും ഹോട്ടലില്‍ മുറിയെടുത്ത പോലീസെത്തി മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ കുളിമുറിയില്‍നിന്ന് യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി. ആര്യയുടെ മൃതദേഹം കട്ടിലിലായിരുന്നു. ദേവിയുടെ മൃതദേഹം നിലത്തുകിടക്കുകയായിരുന്നു. കുളിമുറിയിലാണ് നവീന്‍തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. ദേവി പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. മരിച്ച ആര്യയ്ക്കും നാട്ടില്‍ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മറവിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് മുതൽ അവിശ്വസനീയവും ക്രൂരവുമായ നരബലിയും വരെ വർത്തകളാകുമ്പോഴും ഇവയെ തടയാൻ വേണ്ട പരിഹാരം കണ്ടെത്താൻ നമുക്ക് സാധിക്കുന്നില്ല. 2022 ലായിരുന്നു കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി കേസ് പുറത്തുവന്നത്. എറണാകുളം കാലടി സ്വദേശിനി റോസ്‍ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വീടിന്റെ പല ഭാഗത്തായി സംസ്കരിച്ചു എന്നുമാണു കേസ്. ഐശ്വര്യമുണ്ടാകാൻ വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം നടത്തിയതെന്നായിരുന്നു പ്രതികളുടെ മൊഴി.

ഇവിടെ നവീനിന്റെയും ദേവിയുടെയും ആര്യയുടെയും മരണത്തിനു കാരണം ബ്ലാക് മാജിക്കെന്ന് സാംസ്കാരിക പ്രവർത്തകനും മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി പറഞണ്. ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമായി കണക്കാക്കി പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണപ്പെട്ടവരുടെ കുടുംബത്തെ സമാധാനിപ്പിക്കാൻ കഴിയുന്നില്ലെന്നും, അങ്ങനെ സമാധാനിപ്പിക്കാൻ പറ്റിയ ദുഃഖമൊന്നുമല്ല അവർക്ക് സംഭവിച്ചതെന്നുകൂടി സൂര്യ കൃഷ്ണമൂർത്തി പറയുന്നുണ്ട്. അതെ, നിസ്സാരമായ പ്രശ്നമല്ല ഇത്. ബന്തുക്കളും പൊതുസമൂഹവും മുന്നോട്ടു വെക്കുന്ന ചോദ്യംപോലെ ഇത്രെയും വിദ്യാഭ്യാസമുള്ള ആളുകൾ എങ്ങനെ ഈ കുരുക്കിൽ അകപ്പെടുന്നു എന്നും, ആരാണ് ഈ മരണത്തിനു പിന്നിൽ എന്നും കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുകതന്നെ വേണം. ഇനിയും ഈ അന്ധവിശ്വാസങ്ങൾ മനുഷ്യരെ വേട്ടയാടുന്ന സാഹചര്യം ഉണ്ടാകരുത്.

Latest News