ചിന്നക്കനാലില്‍ പതിവായി കുഴപ്പങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ അത്ര വേഗം മറക്കാനിടയില്ല. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അരിക്കൊമ്പൻ വീടുകളും റേഷന്‍ കടകളും ആക്രമിച്ച് അരി കവരുന്നത് പതിവായിരുന്നു. ചിന്നക്കനാലില്‍ ജനവാസ മേഖലയിലിറങ്ങി പതിവായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയതോടെയാണ് അരിക്കൊമ്പന്‍ ശ്രദ്ധനേടുന്നത്. ഒടുവില്‍ അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി നാടുകടത്തേണ്ടിവന്നു. എന്നാൽ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ ഉൾപ്പെടെ ചേർത്ത് ഒരു പ്രചാരണം നടക്കുന്നുണ്ട്.
എന്താണ് ഇതിന്‍റെ വസ്തുത എന്ന് പരിശോധിക്കാം.
അരിക്കൊമ്പന്‍ ഫുഡ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‍സിഐ) ഗോഡൗണ്‍ ആക്രമിച്ച് അരി കവരുന്നതായി ആണ് വീഡിയോ എന്നാണ് ഫേസ്ബുക്കിൽ വൈറൽ ആകുന്നത്. ‘അരിക്കൊമ്പന്‍ FCI ഗോഡൗണില്‍’ എന്ന തലക്കെട്ടില്‍ വീഡിയോ ഫേസ്ബുക്കില്‍ നിരവധിയാളുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതായും കാണാം.
ആന ഗോഡൗണിന്‍റെ ഷട്ടർ തുമ്പിക്കൈ കൊണ്ട് ഇടിച്ച് തകർക്കുന്നതും ഒരു ചാക്ക് വലിച്ചെടുക്കുന്നതും കുറച്ചുപേർ ഇതുകണ്ട് നില്‍ക്കുന്നതും വൈറല്‍ ആയ വീഡിയോയിലുണ്ട്. എന്നാൽ വീഡിയോ പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നുണ്ട്. വൈറൽ വിഡിയോയിലുള്ള ആനയുടെ കഴുത്തിൽ റേഡിയോ കോളർ ഇല്ല. എന്നാൽ, അരികൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി മാറ്റുമ്പോൾ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. 2023 ഏപ്രില്‍ 29-ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആയിരുന്നു അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. നിലവില്‍ തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പന്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും എഫ്‍സിഐ ഗോഡൗണ്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടോ എന്നതും സംശയമാണ്.
കൂടുതൽ വിശദമായി പരിശോധിച്ചപ്പോൾ 2024 മാർച്ച് 29ന് പ്രമുഖ ബംഗാളി മാധ്യമമായ ആനന്ദബസാർപത്രിക പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വാർത്ത ലഭിച്ചു. അതിൽ പറയുന്നത്, പശ്ചിമ ബംഗാളിലെ വെസ്റ്റ് മെദിനിപുര്‍ മേഖലയില്‍ നിന്നുള്ള രാംലാല്‍ എന്ന ആനയാണ് ഇതെന്നാണ്. ‘രാംലാലിന് വിശന്നു, മേദിനിപൂരിലെ എഫ്‌സിഐ ഗോഡൗണിൻ്റെ ഷട്ടർ തകർത്ത് അരി കഴിച്ചു’ എന്ന തലക്കെട്ടിലാണ് വാർത്ത നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ‘രാംലാൽ’ ഭക്ഷണം തേടി മേദിനിപൂർ സദർ ബ്ലോക്കിലെ ഫുഡ് കോർപ്പറേഷൻ ഗോഡൗണിൽ എത്തിയതെന്നും തുമ്പിക്കൈ കൊണ്ട് ഷട്ടർ തകർത്ത് അരി കഴിച്ചുവെന്നും വാർത്തയില്‍ പറയുന്നു. വൈറല്‍ വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടാണ് വാർത്തയുടെ മുഖചിത്രമായി ആനന്ദബസാർ പത്രിക നല്‍കിയിരിക്കുന്നത് എന്ന് കാണാം.
കാലിച്ചാക്ക് ഒരാള്‍ ആനയുടെ ശരീരത്തിലേക്ക് വലിച്ചെറിയുന്നതും അത് ആനയുടെ ശരീരത്തിൽ പതിക്കുന്നതും വൈറല്‍ വീഡിയോയില്‍ കാണാം. ഇതേ ദൃശ്യത്തിന്‍റെ സ്ക്രീന്‍ഷോട്ട് ആനന്ദബസാർപത്രികയിലെ വാർത്തയുടെ ചിത്രത്തിലുമുണ്ട്. ഇതിനൊപ്പം ഗോഡൗണിന്‍റെ ഷട്ടറും ഇരുവശത്തുമുള്ള നീല നിറത്തിലുള്ള തൂണുകളും ഒരേ സംഭവത്തിന്‍റേതാണ് വീഡിയോയും വാർത്തയിലെ ചിത്രവും എന്നും സാക്ഷ്യപ്പെടുത്തുന്നു.
ഇതിൽ നിന്നും എഫ്‍സിഐ ഗോഡൗണിന്‍റെ ഷട്ടർ തകർത്ത് അരി കഴിക്കുന്നത് അരിക്കൊമ്പന്‍ എന്ന കാട്ടാനയല്ല എന്ന് വ്യക്തമാണ്. ബംഗാളിലെ രാംലാൽ എന്ന ആനയുടെ വീഡിയോ ആണ് അരികൊമ്പന്റേതെന്ന തരത്തിൽ വൈറൽ ആകുന്നത്.