ഫ്രൈഡ്രൈസ് ഇഷ്ടമില്ലാത്തവരായിട്ട് അധികമാരുമുണ്ടാവില്ല അല്ലെ? വെറും പത്തുമിനിറ്റ് കൊണ്ട് ഉഗ്രൻ ചെമ്മീൻ ഫ്രൈഡ്രൈസ് തയ്യറാക്കിയാലോ?

ചെമ്മീനും ഫ്രൈഡ് റൈസും

ലോകമെമ്പാടുമുള്ള ആളുകൾ ആസ്വദിക്കുന്ന ഒരു ജനപ്രിയ വിഭവമാണ് ഫ്രൈഡ് റൈസ്. ആകർഷകവും വൈവിധ്യമാർന്നതും രുചികരവുമായ ഒരു വിഭവമാണിത്. ഫ്രൈഡ് റൈസിൻ്റെ ചരിത്രം പുരാതന ചൈനയിൽ നിന്നാണെന്ന് കണ്ടെത്താനാകും, സൂയി രാജവംശത്തിൻ്റെ (എഡി 589-618) കാലഘട്ടത്തിലാണ് ഇത് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

മലയാളിയുടെ ഭക്ഷണമേശയില്‍ കടല്‍ വിഭവങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. മീന്‍ വിഭവങ്ങളില്‍ മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ചെമ്മിന്‍. മറ്റ് മീനുകളില്‍ നിന്നും വ്യത്യസ്തമായ രുചിയും മുള്ളില്ലാതെ ഇറച്ചിയായി തന്നെ കഴിക്കാന്‍ സാധിക്കുന്നതും ചിക്കനും മറ്റും ഉണ്ടാക്കുന്നതുപോലെ കൂടുതല്‍ വൈറെറ്റി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നതെല്ലാം ചെമ്മിനെ മലയാളികളുടെ പ്രിയപ്പെട്ട വിഭവമാക്കിത്തീര്‍ക്കുന്നു.
ഒരടിപൊളി ചെമ്മീൻ ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലോ?

തയ്യറാക്കാനെടുക്കുന്ന സമയം: 10 മിനുട്ട്

ആവശ്യമായ ചേരുവകൾ

  • ബസ്മതി റൈസ് – 200ഗ്രാം (1 ഗ്ലാസ് )
  • കാരറ്റ് പൊടിയയാരിഞ്ഞത് – അര കപ്പ്
  • ക്യാബേജ് പൊടിയായരിഞ്ഞത് – അര കപ്പ്
  • ബീൻസ് പൊടിയായരിഞ്ഞത് – അര കപ്പ്
  • ചെമ്മീൻ വൃത്തിയാക്കിയത് – ഒരുകപ്പ്
  • ഓയിൽ ആവശ്യത്തിന്
  • നെയ്യ് – ഒരുടേബിൾസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • മുട്ട – രണ്ട്
  • പെപ്പെർ പൌഡർ – ഒരു ടേബിൾസ്പൂൺ
  • സ്പ്രിംഗ്ഓണിയൻ (പൊടിയായരിഞ്ഞത് ) – ഒരുടേബിൾസ്പൂൺ
  • മല്ലിയില – കുറച്ച്
  • സെലറി – ഉണ്ടെങ്കിൽ കുറച്ച്

തയ്യാറാക്കുന്ന വിധം

ബസ്മതിറൈസ് തൊണ്ണൂറു ശതമാനം വേവിച്ച് ഉപ്പിട്ട് ഊറ്റി തണുക്കാൻവേണ്ടി പരത്തിവെക്കണം. ഒരു വലിയ കടായി ചൂടാക്കി ഓയിൽ ഒഴിച്ചുകൊടുക്കണം. അതിലേക്ക് ചെമ്മീനും ഒരുസ്പൂൺ പെപ്പെർപൌഡറും അല്പം ഉപ്പുമിട്ട് നന്നായൊന്ന് ഇളക്കികൊടുത്ത് ഒരുസൈഡിലേക്ക് നീക്കിവെക്കാം. ഇനി മുട്ടപൊട്ടിച്ചൊഴിച്ച് സ്‌ക്രാംമ്പൾ ആക്കണം. ഇനി ഇതിലേക്ക് വെജിറ്റബിൾസ് ഓരോന്നും ചേർത്തുകൊടുത്ത് എല്ലാംകൂടി നന്നായി ഒരുമിനിറ്റ് മീഡിയം ഫ്‌ളൈമിൽ ഇളക്കികൊടുക്കണം. ശേഷം റൈസ് ചേർത്ത് ഇളക്കികൊടുക്കാം. പെപ്പെർപൌഡറും നെയ്യും ചേർത്ത് തീ കൂട്ടിവെച്ച് റൈസ് പൊടിഞ്ഞുപോകാതെ ഇളക്കി ഇളക്കി പാകമാക്കി എടുക്കണം. ഇനി തീ അല്പം കുറച്ചുകൊടുക്കാം. സ്പ്രിംഗ്ഓണിയൻ ആദ്യം ഇളക്കിയശേഷം സെലറിയും മല്ലിയിലയും ചേർത്തിളക്കി എടുത്താൽ റെസ്റ്റോറന്റിൽ കിട്ടുന്നതിലും ടേസ്റ്റിയും ഹെൽത്തിയുമായിട്ടുള്ള ചെമ്മീൻ ഫ്രൈഡ്റൈസ് റെഡി.