ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ വളപട്ടണം സ്വദേശിക്ക് നഷ്ട്ടമായത് 32 ലക്ഷത്തോളം രൂപ

കണ്ണൂർ: ഫേസ്ബുക്കിൽ വ്യാജ പരസ്യം കണ്ട് ട്രേഡിങ്‌ ചെയ്യുന്നതിനുവേണ്ടി പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 32,49,200 രൂപ നഷ്ടമായി. ഓൺലൈൻ ട്രേഡിങ് ചെയ്താൽ നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും, കൂടുതൽ പണം സമ്പാദിക്കാം എന്നുപറഞ്ഞ് സന്ദേശം അയച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് പരാതിക്കാരൻ പണം അയച്ചു നൽകുകയായിരുന്നു. തുടക്കത്തിൽ ട്രേഡിങ് നടത്തിയതിന്റെ ലാഭത്തോടുകൂടി പണം തിരിച്ച് ലഭിച്ചെങ്കിലും പിന്നീട് വൻ തുക ആവശ്യപ്പെട്ട് വഞ്ചിക്കപ്പെടുകയായിരുന്നു.

മറ്റൊരു പരാതിയിൽ ലക്കി ഡ്രോണിൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു ചക്കരക്കല്ല് സ്വദേശിനിയിൽ നിന്നും 34,600 രൂപ തട്ടിയെടുത്തു. തുക ലഭിക്കുന്നതിനായി ജി.എസ്.ടി, പ്രോസസിങ് ഫീ തുടങ്ങിയവ നൽകണമെന്നും പറഞ്ഞാണ് യുവതിയിൽ നിന്നും പണം തട്ടിയെടുത്തത്.

ഫേസ്ബുക്കിൽ സമ്മാനം ലഭിക്കുമെന്ന വ്യാജ പരസ്യത്തിൽ ലഭിച്ച സ്ക്രാച്ച് ആൻഡ് വിൻ സ്ക്രാച്ച് ചെയ്തു സ്വകാര്യ വിവരങ്ങൾ നൽകിയ കണ്ണപുരം, തലശ്ശേരി സ്വദേശികൾക്ക് 4981, 4999 രൂപ നഷ്ടപ്പെട്ടു. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക് വാട്സ്ആപ് എന്നീ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ ലിങ്കിൽ കയറാൻ ആവശ്യപ്പെടുകയോ ചെയ്താൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ പാടില്ലാത്തതും ആരും തന്നെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Read more : സ്വർണ്ണവിലയിൽ നേരിയ ആശ്വാസം : പവന് 360 രൂപ കുറഞ്ഞു

ഇത്തരം ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻതന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക.