അപരനും വിമതനും: ഷാഫിയുടെ നഷ്ടവും ? ശൈലജയുടെ നേട്ടവും ?

വടകര കോണ്‍ഗ്രസിന് കീറാമുട്ടിയാകും

മത്സരിക്കാനിറങ്ങുമ്പോള്‍ മുന്നോട്ടല്ലാതെ പിന്നോട്ടു ചിന്തിക്കാനൊരവസരം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാക്കാറില്ല. അവസാനം വരെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലുമായിരിക്കും. പക്ഷെ, വോട്ടു തട്ടാന്‍ അപരനും വിമതനും കൂടെ ഓടിയാല്‍ എന്തുചെയ്യും. വിജയം ഉറപ്പിക്കുന്ന സ്ഥാനാര്‍ത്ഥി പോലും പരാജയം നേരിടും. പൊതു തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞതേയുള്ളൂ.

ഇന്ന് സൂക്ഷ്മ പരിശോധനയാണ്. വടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപരന്‍മാരും, ഒരു വിമതനും രംഗത്തെത്തിയിരിക്കുകയാണ്. ഉള്ളുകൊണ്ട് സന്തോഷിക്കുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ഷൈലജയാണ്. അപരനും വിമതനും ഷാഫിക്കു കിട്ടാനുള്ള വോട്ടുകള്‍ പങ്കുവെയ്ക്കുമ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് സ്വപ്‌നം കാണുന്നതില്‍ തെറ്റൊന്നുമില്ല. എങ്കിലും താന്‍പാതി വോട്ടര്‍മാര്‍ മുഴുവന്‍ എന്ന ആപ്തവാക്യം പോലെ ഷൈലജ ടീച്ചറും പ്രവര്‍ത്തകരും വടകരയെ ഇളക്കി മറിക്കുന്നുണ്ട്.

ആര്‍.എം.പിയുടെ രക്തസാക്ഷി ടി.പി. ചന്ദ്രശേഖറാണ് ശൈലജ ടീച്ചറിന്റെ വോട്ടുകള്‍ കുറയ്ക്കാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍. വടകരയില്‍ ഷാഫിക്ക് മുന്‍തൂക്കം ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. കൂടാതെ, കെ.കെ. രമയെന്ന എം.എല്‍.എയുടെ ശക്തമായ പിന്തുണയും പ്രവര്‍ത്തനവും വേറിട്ട വിജയത്തിനുള്ള ഊര്‍ജ്ജവുമാണ്. ഇതെല്ലാമുണ്ടെങ്കിലും പരമ്പരാഗത കോണ്‍ഗ്രസ്സ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ അപരനും വിമതനും കഴിയുമെന്നത് വിസ്മരിക്കാനാവില്ല.

കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴുകയും വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുകയും ചെയ്യുമ്പോള്‍ ടി.പിയുടെ പേരിലെ സഹതാപ വോട്ടുകള്‍ ഷാഫിക്കു കിട്ടിയാലും ജയിക്കാനാവില്ലെന്ന കണക്കു കൂട്ടലാണ് എല്‍.ഡി.എഫ് പാളയത്തിനുള്ളത്. വ്യക്തിപരമായി കെ.കെ. ഷൈലജയോട് വോട്ടര്‍മാര്‍ക്ക് എതിര്‍പ്പില്ല, പക്ഷെ, കൊലയ്ക്ക് കൂട്ടു നില്‍ക്കുകയും, ഇപ്പോഴും ആ കൊലപാതകത്തെയും, കൊലയാളികളെയും ന്യായീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ കീഴില്‍ നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ ഷൈലജയെ ഉള്‍ക്കൊള്ളുന്നില്ല എന്നു മാത്രം.

ഒരു വിധവയുടെ സാന്നിധ്യവും, ടി.പിയോടു കാട്ടിയ ക്രൂരതയും കണക്കിലെടുത്തുള്ള വോട്ടിംഗാണ് നടക്കുന്നതെങ്കില്‍ കെ.കെ. ഷൈലജ എട്ടുനിലയില്‍ പൊട്ടുമെന്നുറപ്പാണ്. എന്നാല്‍, ജനകീയതയുടെ സ്ത്രീ രൂപമായി മാറാനായതിന്റെ പിന്‍ബലമാണ് കെ.കെ. ഷൈലജയ്ക്കുള്ളത്. ഗൗരിയമ്മയ്ക്കു ശേഷം ഇടതുപക്ഷത്തില്‍ നിന്നും ജനകീയത എന്താണെന്നു കാട്ടിത്തന്ന മന്ത്രികൂടിയാണ് ഷൈലജ. വികസനവും, കാഴ്ചപ്പാടുമാണ് ജനങ്ങള്‍ വോട്ടു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഘടകമെന്നാണ് ടീച്ചറുടെ ഭാഷ്യം.

എന്നാല്‍, ഷാഫിയുടെ കാര്യം അതല്ല. പാലക്കാടില്‍ നിന്നും വടകരയിലേക്ക് പറിച്ചു നടുന്നതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. പത്മജാ വേണുഗോപാലിന്റെ അപ്രതീക്ഷിത ബി.ജെ.പി പ്രവേശവും, കെ. മുരളീധരന്റെ മണ്ഡലം മാറ്റവും ഇതിനു കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ സമവാക്യം നിലനിര്‍ത്താനും, വിജയ സാധ്യതയുള്ളതുമായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടിയിരുന്നു. ആ ചര്‍ച്ചകളാണ് ഷാഫിയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത്. ജയിച്ചാല്‍ എം.പിയും, തോറ്റാല്‍ പഴയ എം.എല്‍.എ പണിയും. ഷാഫിക്ക് നഷ്ടമില്ല.

പക്ഷെ, കോണ്‍ഗ്രസിന് കനത്ത നഷ്ടം സംഭവിക്കും. മുരളീധരന്‍ പിടിച്ചെടുത്ത മണ്ഡലമാണ് കൈവിട്ടു പോകുന്നതെന്ന വലിയ നഷ്ടം. അതുകൊണ്ട് വടകരയില്‍ വിജയിക്കുക എന്നത്, ഷഫിയേക്കാള്‍ ആവശ്യം കോണ്‍ഗ്രസ്സിനാണ്. ഷാഫിക്കെതിരേ മത്സരിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം മുന്‍ ഭാരവാഹി റഹീം ഹാജിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു റഹീം ഹാജി.

നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിലും റഹീം ഹാജി മുന്‍പ് പങ്കെടുത്തിരുന്നു. എന്നാല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം റഹീം ഹാജിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. വടകരയില്‍ ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പുറത്താക്കിയ നേതാവും പത്രിക നല്‍കിയത്. മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയ്ക്ക് എതിരെയും അപരന്മാരുടെ വെല്ലുവിളിയുണ്ട്. ഇവിടെ ശൈലജയ്ക്ക് എതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫിന് വിമത ഭീഷണിയില്ല.