ഷിംല: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണാവത്ത്. വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണയുടെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്.
വാര്‍ത്ത സമ്മേളനത്തിനിടെ, ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുബാഷ് ചന്ദ്രബോസ് എവിടെ പോയി?’ എന്നായിരുന്നു കങ്കണ ചോദിച്ചത്. കങ്കണയുടെ ഐക്യു നൂറ്റിപ്പത്ത് ശതമാനമാണെന്നാണ് സാമൂഹിക മാധ്യമത്തില്‍ ചിലരുടെ വിമര്‍ശനം.
കങ്കണയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു. എഎപി നേതാവും രാജ്യസഭാ അംഗവുമായ സ്വാതി മാലിവാളിന്റെ പ്രതികരണം ഇങ്ങനെ’ വിദ്യാസമ്പന്നരും വിവേകികളുമായ ആളുകള്‍ക്ക് വോട്ടവകാശം വിനിയോഗിക്കൂ’. കങ്കണ അറിവിന്റെ പ്രതിരൂപമെന്നായിരുന്നു ചിലരുടെ കമന്റുകള്‍. കങ്കണയെ നിസാരമായി കാണരുത് ബിജെപി നേതാക്കളുടെ പട്ടികയില്‍ അവള്‍ മുന്നോട്ടുകുതിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സുപ്രിയ കുറിച്ചത്. നടിയുടെ പരാമര്‍ശത്തിനെതിരെ രസകരമായ കമന്റുമായി പ്രകാശ് രാജും രംഗത്തെത്തി. എന്നാല്‍ കങ്കണയെ അനുകൂലിക്കുന്നവരും കുറവല്ല.