നോണ്‍വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇറച്ചി വിഭവങ്ങളോടുള്ള പ്രിയം പ്രത്യേകമായി പറയേണ്ടതില്ല. മാംസാഹാരങ്ങളാണെങ്കില്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം പേര്‍ കഴിക്കാറുള്ളത് ചിക്കനാണെന്ന് നിസംശയം പറയാം. എന്നാൽ മട്ടണ്‍ കഴിക്കുന്നതില്‍ ആശങ്കപ്പെടുന്നവര്‍ ധാരാളമാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മോശമായ മാംസമാണെന്ന ധാരണയിലാണ് പലരും മട്ടണില്‍ നിന്ന് അകന്നുനില്‍ക്കുന്നത്. സത്യത്തില്‍ ചിക്കനെക്കാളും എന്തുകൊണ്ടും ആരോഗ്യകരം മട്ടണാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുറഞ്ഞ കലോറി, കുറഞ്ഞ കൊഴുപ്പ് (ഫാറ്റ്), ചിക്കനെക്കാള്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീൻ എന്നിവയാണ് മട്ടണിന്‍റെ പ്രധാന സവിശേഷതകള്‍. ഇതിന് പുറമെ പൊട്ടാസ്യം, അയേണ്‍ എന്നിവയാലും സമ്പന്നമാണ് മട്ടണ്‍.
എന്നാൽ ആരോഗ്യകരമായ മട്ടൺ ഉപയോഗിച്ച് മട്ടണ്‍ മപ്പാസ് തയ്യറാക്കിയാലോ?
തയ്യറാക്കാനെടുക്കുന്ന സമയം: 35 മിനുട്ട്
ആവശ്യമായ ചേരുവകള്‍
- മട്ടണ്‍-ഒരു കിലോ (ചെറുകഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയത്)
- ഉരുളക്കിഴങ്ങ്-മൂന്ന് (ഇടത്തരം വലിപ്പം-തൊലി കളഞ്ഞ്, നുറുക്കിയത്)
- വെളിച്ചെണ്ണ-50 മില്ലി
- ഉള്ളി-രണ്ട് (ചെറുതായി അരിഞ്ഞത്)
- കരിവേപ്പില-ഒന്നര തണ്ട്
- തേങ്ങാപ്പാല്‍-രണ്ടുകപ്പ്
- പച്ച മുളക്-എരിവിന് അനുസരിച്ച് (നന്നായി അരിഞ്ഞത്)
- തക്കാളി-രണ്ടെണ്ണം (നന്നായി അരിഞ്ഞത്)
- മുളകുപൊടി-രണ്ട് ടീസ്പൂണ്‍
- മല്ലിപ്പൊടി-നാലുസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍
- കുരുമുളക് പൊടി-കാല്‍ സ്പൂണ്‍
- ഇഞ്ചി-ചെറിയ കഷണം (നാലു സെ.മി-നന്നായി അരിഞ്ഞത്)
- വെളുത്തുള്ളി-പത്ത് അല്ലി
- കറുവപ്പട്ട-രണ്ടര സെ.മീ (പൊടിച്ചത്)
- കരയാമ്പൂ-മൂന്ന്
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം-രണ്ടര കപ്പ്
തയ്യറാക്കുന്ന വിധം
ചേരുവകളെല്ലാമെടുത്തു വെച്ചില്ലേ. ആദ്യം പാത്രത്തില്‍ വെളിച്ചെണ്ണയെടുത്ത് നന്നായി ചൂടാക്കുക. അതില്‍ ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കരിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന് കുരുമുളക് പൊടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കറുവപ്പട്ട എന്നിവ ചേര്‍ക്കുക. ചെറുകഷണങ്ങളാക്കിയ തക്കാളി അതിലിടുക. അതിലെ ജലാംശം പോകും വരെ മാത്രം വഴറ്റുക.
മട്ടണോടൊപ്പം തേങ്ങാപ്പാലും (രണ്ടാം പാല്‍) ഉപ്പും ചേര്‍ത്ത് വേവിക്കുക. തുടര്‍ന്ന് ഉരുളക്കിഴങ്ങ് കഷണങ്ങളും ചേര്‍ക്കുക. ഉരുളക്കിഴങ്ങ് കഷണങ്ങള്‍ അധികം വെന്തുപോകാതിരിക്കാന്‍ മട്ടണ്‍ പാതിയിലേറെ വെന്തശേഷം മാത്രം ഇട്ട് വേവിക്കാം. കുക്കറിലാണെങ്കില്‍ ഉരുളക്കിഴങ്ങ് കൂടുതല്‍ വെന്തു പോകാന്‍ സാധ്യത കൂടുതലാണ്. അല്‍പം കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് വെന്തു നല്ല ഗ്രേവി രൂപത്തില്‍ കട്ടിയായിട്ടുണ്ടാകും. കട്ടി കൂടിയെങ്കില്‍ നാളികേരപ്പാലും കറിവേപ്പിലയും ചേര്‍ക്കാം. ഇനി ഇത് ഡിഷിലേക്ക് പകര്‍ത്തിയെടുത്ത് വിളമ്പാന്‍ തയാറായിക്കോളൂ.