നടത്തറ: തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രം ഊരിത്തെറിച്ച് തലയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നടത്തറ സിഗ്നൽ ജങ്ഷന് സമീപമനു അപകടമുണ്ടായത്. കുന്നംകുളം അടുപ്പുട്ടി പുത്തനങ്ങാടി പുലിക്കോട്ടിൽ വീട്ടിൽ കാക്കുണ്ണിയുടെ മകൻ ഹെബിൻ (45) ആണ് മരിച്ചത്.
റോഡരികിലെ താത്കാലിക ഫാസ്ടാഗ് കൗണ്ടറിലെ ജീവനക്കാരനാണ്. കോയമ്പത്തൂരിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. ഇടതുഭാഗത്തെ പിന്നിലെ രണ്ട് ചക്രങ്ങളാണ് ഊർന്നുപോയി കൗണ്ടറിലേക്ക് ഇടിച്ചുകയറിയത്. തകർന്ന കൗണ്ടറിനുള്ളിൽത്തന്നെയാണ് ഹെബിനും വീണുകിടന്നിരുന്നത്.
ചക്രങ്ങൾ കുറച്ച് മാറിയാണ് നിന്നത്. ഹെബിനെ നടത്തറ ആക്ട്സ് പ്രവർത്തകരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നേകാലിനായിരുന്നു അപകടം. അമ്മ: കുമാരി. ഭാര്യ: മഹിമ. മക്കൾ: മീഗ, ഹെബൽ. സംസ്‌കാരം വെള്ളിയാഴ്‌ച ആർത്താറ്റ് സെയ്ൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
















