മൈക്കും മുഖ്യം: ഹലോ ഹലോ മൈക്ക് ടെസ്റ്റ്; എവിടെ പരിപാടി അവതരിപ്പിച്ചാലും “ഫ്‌ളോപ്പാണല്ലോ” ‘മാര്‍ക്‌സ്’ ഭഗവാനേ

ഇതിലെന്തോ ചതിയില്ലേ എന്ന് മുഖ്യമന്ത്രി ചിന്തിച്ചാല്‍ ആര്‍ക്കും തെറ്റു പറയാനൊക്കില്ല

അല്ലെങ്കിലും മുഖ്യമന്ത്രി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെയേ വരൂ. ഒന്നുകില്‍ കോമഡി അല്ലെങ്കില്‍ ട്രാജഡി. സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ ഇതാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് മൈക്കെന്നത്, നിതാന്ത ശത്രു തന്നെയാണ്. ഇടക്കാലത്തായി ഒരുതവണയല്ല, ഒരുപാട് തവണയാണ് മുഖ്യമന്ത്രിയെ മൈക്ക് ചതിക്കുന്നത്. ഇതാ ഇപ്പോള്‍ കോട്ടയത്തും അതുണ്ടായിരിക്കുന്നു. ഇത്തവണ മൈക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഇതിലെന്തോ ചതിയില്ലേ എന്ന് മുഖ്യമന്ത്രി ചിന്തിച്ചാല്‍ ആര്‍ക്കും തെറ്റു പറയാനൊക്കില്ല. കേരളത്തിന്റെ ‘മാന്‍ട്രേക്ക്’ എന്ന ദുഷ്‌പ്പേര് നിയമസഭയില്‍ പ്രതിപക്ഷം നേരത്തേ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു ശേഷമാണ് സകലമാന പ്രകൃതി ക്ഷോഭങ്ങളും ഉണ്ടായതെന്നാണ് ആക്ഷേപം. പ്രളയം, ഓഖി, നിപ്പ, കൊറോണ അങ്ങനെ പോകുവല്ലേ ദുരന്തങ്ങള്‍.

ഇതിനിടയിലാണ് മൈക്കും മൈതാനങ്ങളും മുഖ്യനിട്ടു പണിയുന്നത്. മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസപ്പെട്ടിരിക്കുകയാണെന്നാണ് വാര്‍ത്ത. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവം ഉണ്ടായത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെടുകയും ചെയ്തു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു. പിണറായി വിജയനും മൈക്കു വിവാദങ്ങളും എന്നൊരു പുസ്തകം ആരുടെയെങ്കിലുംമനസ്സില്‍ വിരിഞ്ഞിട്ടുണ്ടോയെന്ന് കണ്ടുതന്നെയറിയണം.

മൈക്കൊടിഞ്ഞു വീണിട്ട് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെന്നതാണ് കൗതുകം. ഏതു വേദിയായാലും ഉള്ളത് മുഖത്തുനോക്കി പറയുന്ന ശുദ്ധാത്മാവാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെപ്പോലെ മറ്റൊരാള്‍ കൂടിയുണ്ട്. എം.എം. മണി സഖാവ്. മണി സഖാവിന് പക്ഷെ, ഒരു നിര്‍ബന്ധവുമില്ല. മൈക്കിലും പറയും, അല്ലാതെയും പറയും എന്നുമാത്രം. മൈക്കൊടിഞ്ഞു വീണപ്പോള്‍ മുഖ്യമന്ത്രിക്കുണ്ടായ മാനസികാവസ്ഥയും, ആ മൈക്ക് ഓപ്പറേറ്ററെയുമാണ് പെട്ടെന്നു മനസ്സില്‍ വന്നത്. ഹാര്‍ട്ടറ്റാക്ക് വരാതെ പിടിച്ചു നിന്ന മൈക്ക് ഓപ്പറേറ്റര്‍ക്ക് അഭിവാദ്യങ്ങള്‍. ഇങ്ങനെയൊരവസ്ഥയില്‍ ഹൃദയസ്തംഭനം ഉണ്ടാകുന്നത് സ്വഭാവികമാണ്.

അത്തരം സ്വാഭാവിക പ്രതിഭാസത്തെ തരംണം ചെയ്ത് ഒടിഞ്ഞു വീണ മൈക്ക് ശരിയാക്കിയത് വിവരിക്കാനാവാത്ത ധൈര്യം തന്നെ. ഇതിനു കാരണം, മുഖ്യമന്ത്രിയുടെ മൂശേട്ട സ്വഭാവം തന്നെയാണെന്നാണ് കൊച്ചീക്കാര്‍ പറയുന്നത്. മൈക്ക് തകരാറായാല്‍, പ്രസംഗിക്കുമ്പോള്‍ കറണ്ടു പോയാല്‍, മൈക്ക് സ്റ്റാന്റ് ചാഞ്ഞു വീണാല്‍ അതിനെല്ലാം കുറ്റം ചാര്‍ത്തുന്നത് മൈക്ക് ഓപ്പറേറ്ററെയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററും ഒട്ടും പിന്നലല്ല. അത്യാധുനിക സംവിധാനങ്ങള്‍ വന്നിട്ടും, മൈക്കിനോട് ചേര്‍ന്നു നിന്ന് സംസാരിക്കാന്‍ മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞതാണ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പിടിക്കാതെ പോയത്.

‘മൈക്കില്‍ സംസാരിക്കാന്‍ എന്നെ പഠിപ്പിക്കുന്നോ’ എന്നാണ് മാസ്റ്ററുടെ മറു ചോദ്യം. ഗോവിന്ദന്‍ മാസ്റ്റര്‍ ഒരു ‘മാസ്റ്റര്‍’ ആണെന്ന കാര്യം അറിയാതെയാണ് മൈക്ക് ഓപ്പറേറ്റര്‍ പഠിപ്പിക്കാന്‍ ചെന്നത്. ആര്‍ക്കെങ്കിലും അത് പിടിക്കുമോ. സമാന ചിന്താഗതിയുള്ള മുഖ്യമന്ത്രിക്ക് കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലാണ് മുട്ടന്‍ പണി കിട്ടിയത്. മറ്റെല്ലാവരും കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചപ്പോഴൊന്നും മൈക്കിന് ഒരു കുഴപ്പവും ഉണ്ടായില്ല.

മുഖ്യമന്ത്രി എണീറ്റ് മൈക്കിനടുത്തു ചെന്നപ്പോള്‍ മുതല്‍ ജലദോഷപ്പനി പിടിച്ച കുട്ടിയെപ്പോലെ മൈക്ക് പെരുമാറിത്തുടങ്ങി. ഇതോടെ പ്രസംഗം തട്ടിയും തടഞ്ഞുമൊക്കെ മുന്നേറി. വേദിയും, പാര്‍ട്ടിയും വേറെ ആയതുകൊണ്ടും അനുശോചന യോഗമായതു കൊണ്ടും മുഖ്യമന്ത്രി സഹിച്ചു. തന്നെ വിളിച്ചുവരുത്തി കളിയാക്കിയതാണെന്ന ഉപബോധമനസ്സിന്റെ വിങ്ങല്‍ പിന്നീട് നടപടികളായി മാറുകയായിരുന്നു. മൈക്കും, ആംബ്ലിഫയറും, മൈക്ക് ഓപ്പറേറ്ററെയും കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു. അങ്ങനെ പാവം മൈക്കും ആംബ്ലിഫയറും സ്റ്റേഷന്‍ ജാമ്യം പോലും കിട്ടാതെ ദിവസങ്ങളോളം പോലീസ് സ്‌റ്റേഷനില്‍ കഴിയേണ്ടി വന്നു.

കോട്ടയം നാഗമ്പടത്തു നടന്ന ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കവേ മൈക്ക് പണിമുടക്കി. സ്റ്റേജില്‍ ഇരുന്നവരും മന്ത്രി വാസവനും വെട്ടിവിയര്‍ത്തു. തലങ്ങും വിലങ്ങും മൈക്കുമായി ഓപ്പറേറ്റര്‍മാരെത്തി. കേടായ മൈക്ക് മാറ്റുന്നു, പുതിയത് ഫിറ്റ് ചെയ്യുന്നു. ഒരു മൈക്ക് മുഖ്യമന്ത്രിയുടെ കൈയ്യില്‍ കൊടുക്കാന്‍ നോക്കുന്നു. വേറൊരു മൈക്കും സ്റ്റാന്റും കൊണ്ടു വരുന്നു. അങ്ങനെ ആകെ പുകിലായി. കൈയ്യില്‍ മൈക്ക് കൊടുക്കാന്‍ നോക്കിയ മൈക്ക് ഓപ്പറേറ്ററെ മുഖ്യമന്ത്രി ഒന്ന് നോക്കിയതേയുള്ളൂ, ആ മൈക്കും കൊണ്ട് അയാള്‍ പോയവഴിക്ക് പുല്ലുപോലും കിളിര്‍ക്കില്ല. പിന്നീട് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് മൈക്ക് പ്രവര്‍ത്തിച്ചു.

മുമ്പൊക്കല്‍ പ്രസംഗിക്കവേ മൈക്കിന്റെ സ്റ്റാന്റ് ചരിഞ്ഞു വീഴാന്‍ തുടങ്ങിത് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിരുന്നു. അന്ന്, ഒരു പ്രത്യേക ‘ഏക്ഷന്‍’ കാണിച്ചാണ് മുഖ്യമന്ത്രി മൈക്ക് സ്റ്റാന്റ് തട്ടി മാറ്റിയത്. പണ്ടത്തെ അഭ്യാസിയായതു കൊണ്ട് ഇപ്പഴും പിടിച്ചു നില്‍ക്കുന്നുവെന്നാണ് കണ്ണൂര്‍ക്കാര്‍ പറയുന്നത്. അന്ന് തന്നെ അപായപ്പെടുത്താന്‍ ആരെങ്കിലും മൈക്ക്സ്റ്റാന്റ് തലയിലേക്ക് തട്ടിയിടുന്നതാണോയെന്ന സംശയം കൊണ്ടാണ് ഏക്ഷന്‍കൊണ്ട് തട്ടിമാറ്റുന്നതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ മനസ്സിലാക്കി തരുന്നുണ്ട്.

ആലപ്പുഴയില്‍ വെച്ച് മൈക്ക് ദേഹത്ത് തട്ടിയെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് അരിശം പൂണ്ട് മറുപടി നല്‍കാതെ പോയെന്ന പരിഭവവുമുണ്ട് മുഖ്യമന്ത്രിക്കെതിരേ. കുട്ടനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വേണ്ടി കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരു ചാനലിന്റെ മൈക്ക് ശരീരത്തില്‍ തട്ടിയതിനെ തുടര്‍ന്നാണ് മുഖ്യന്‍ കലിപ്പായത്. മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റിയാണ് അദ്ദേഹം കാറില്‍ക്കയറി തിരുവനന്തപുരത്തേക്ക് പോയത്. മുഖ്യമന്ത്രി സംസാരിക്കാന്‍ ആരംഭിച്ചതിനു ശേഷമാണ് തിക്കും തിരക്കുമുണ്ടായത്. ഇതിനിടയില്‍ മൈക്ക് ശരീരത്തില്‍ തട്ടുകയായിരുന്നു.

എന്നാല്‍, കറണ്ടു പോകുമ്പോള്‍ മൈക്കിനെയും മൈക്ക് ഓപ്പറേറ്ററെയും വെറുതേ ശകാരിക്കുന്നതില്‍ കാര്യമില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. പിന്നെ, സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹൗളിംഗ് ഉണ്ടാകുന്നതും, കരകരാ ശബ്ദം ഉണ്ടാകുന്നതുമൊക്കെ സാങ്കേതിക പ്രശ്‌നങ്ങളാണ്. ഇതൊക്കെ ഗാനമേളക്കാര്‍ക്കും നാടകക്കാര്‍ക്കും സ്ഥിരമായി പറ്റുന്നതുമാണ്. ഇതിനൊക്കെ സ്റ്റേജില്‍ നിന്നുകൊണ്ട് മൈക്ക് ഓപ്പറേറ്ററെ പുലഭ്യം പറഞ്ഞാല്‍ നാടകം/ ഗാനമേള പൊളിഞ്ഞു പോകത്തേയുള്ളൂ. അങ്ങനെയൊക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗകലയ്ക്കും സംഭവിച്ചിരിക്കുന്നതെന്നാണ് മൈക്ക് ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ പറയുന്നത്. എന്നാല്‍, ഇതിനെല്ലാം മറുപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില പ്രകടനങ്ങളുടെ വീഡിയോകളാണ് ബി.ജെ.പി്ക്കാര്‍ കുത്തിപ്പൊക്കുന്നത്. മുഖ്യമന്ത്രിക്ക് മൈക്ക് ഓപ്പറേറ്റര്‍മാരോട് എങ്ങനെ പെരുമാറണം എന്ന് ക്ലാസ്സെടുക്കലാണ് ഈ വീഡിയോ പ്രാാരണം കൊണ്ടുള്ള ലക്ഷ്യം.

പ്രധാനമന്ത്രി മൈക്ക് ഓപ്പറേറ്ററെ സ്‌നേഹത്തോടെ കാണുന്നതും, കുശലം ചോദിക്കുന്നതുമൊക്കെയുണ്ട് വീഡിയോയില്‍. പ്രധാനമന്ത്രിയുടെ ‘ഇവന്റ മാനേജ്‌മെന്റ് ടീം’ അത്ര പെര്‍ഫെക്ടാണ് എന്നു സമ്മതിച്ചേ മതിയാകൂ. എങ്കിലും ഒരു സംശയം മാത്രം ഇപ്പോഴും ബാക്കി. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ മാത്രം എങ്ങനെയാണ് ഇത്രയും മൈക്ക് പരാതികള്‍ വരുന്നത് എന്നത്. ഇതേക്കുറിച്ച് പോലീസ് രഹസ്യാന്വേഷണം നടക്കുമോയെന്നു വരെ ഭയക്കേണ്ടതുണ്ട്. അതാണ് കാലം. മൈക്ക് ഓപ്പറേറ്റര്‍മാര്‍ കുറച്ചുകൂടി ശ്രദ്ധിച്ചു വേണം മൈക്കും സ്റ്റാന്റും സ്ഥാപിക്കാന്‍. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ പരിപാടികളില്‍. അതേ പറയാനുള്ളൂ.