കോഴിക്കോട്: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അഞ്ചാം ദിനവും ജോലിയിൽ പ്രവേശിപ്പിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ അനീതി. സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി അനിതയെയാണ് തിരിച്ചെടുക്കാത്തതിൽ പിന്തുണ പ്രഖ്യാപിച്ച് അതിജീവിതയും രംഗത്തെത്തി.
ഏപ്രിൽ ഒന്നിന് അനിതയെ ജോലിയിൽ പ്രവേശിപ്പിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അതിനെതിരെ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം. മെഡിക്കൽ കോളജ് ഐസിയുവിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് അവര്‍ ആരോപിക്കുന്നത്.
തനിക്കെതിരെ ഉള്ളത് പ്രതികാര നടപടി ആണെന്നും ഒരു എൻജിഒ യൂണിയൻ നേതാവിന്റെ പകപോക്കൽ ആണെന്നും പിബി അനിത പറഞ്ഞു. വാർഡിൽ എത്തുന്ന രോഗിക്ക് വേണ്ട സംരക്ഷണവും സുരക്ഷയും ഒരുക്കുക എന്നത് എന്റെ ജോലിയാണ് അതേ ചെയ്തിട്ടുള്ളൂ. നീതി കിട്ടും വരെ സമരം ചെയ്യും ജോലിയിൽ പ്രവേശിപ്പിക്കും വരെ പ്രിൻസിപ്പൽ ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് തുടരും, ഞാൻ തെറ്റ് ചെയ്തിട്ടില്ല, എനിക്ക് നീതി വേണം കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു നിയമ നടപടികൾ തുടരുമെന്നും പി.ബി അനിത പറഞ്ഞു.
എന്നെ സിസ്റ്റർ അനിത സഹായിച്ചു എന്നതാണ് അവർക്കെതിരെ കണ്ടെത്തിയ കുറ്റം. അക്രമത്തിന് ഇരയായ ആളെ സംരക്ഷിച്ചത് തെറ്റായി സർക്കാർ ഉൾപ്പടെ കാണുന്നു. പീഡിപ്പിക്കപ്പെട്ടയാളെ സംരക്ഷിക്കാൻ പാടില്ല എന്നതാണ് ഇത് നൽകുന്ന സന്ദേശം , സംരക്ഷണം കിട്ടണമെങ്കിൽ അതീജിവിത ഭരിക്കുന്ന പാർട്ടിയുടെ ആളാവണമോ.
എൻജിഓ യൂണിയൻ അനുഭാവി ആണെങ്കിൽ നിങ്ങൾ ഇവിടെ അഡ്മിറ്റായാൽ മതി അല്ലെങ്കിൽ നിങ്ങൾ പീഡനത്തിന് ഇരയാവും എന്ന് ബോർഡ് വെക്കണമായിരുന്നു, ഇനി ഇവിടെ വരുന്ന ഏത് രോഗിയും ഇക്കാര്യം ചിന്തിക്കണമെന്നും അതിജീവിത പറഞ്ഞു. ഞാൻ ഒരു സാധരണ രോഗിയാണ് എനിക്ക് ഒരു യൂണിയനും ഇല്ല, അവരുടെ ജോലിയാണ് അനിത സിസ്റ്റർ നൽകിയത്. അവർക്ക് പിന്തുണ തുടരും – അതിജീവിത കൂട്ടിച്ചേര്‍ത്തു