മുട്ടമാല എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും ഇത് എങ്ങനെ തയ്യാറാക്കും എന്നതിനെക്കുറിച്ച് പലര്‍ക്കും അത്ര ധാരണയുണ്ടായിരിക്കണം എന്നില്ല. എന്നാല്‍ മലബാറുകാർക്ക് വളരെ എളുപ്പത്തില്‍ മുട്ടമാല തയ്യാറാക്കാന്‍ സാധിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തുള്ളവരുടെ സ്പെഷ്യല്‍ വിഭവമാണ് മുട്ടമാല എന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെ എളുപ്പത്തില്‍ മുട്ടയും പഞ്ചസാരയും മാത്രം ചേര്‍ത്ത് ആണ് ഈ വിഭവം തയ്യാറാക്കുന്നത്. നോമ്പിന്റെ ഇടയിലാണ് മുട്ടമാലക്ക് ആവശ്യക്കാരേറുന്നത്.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- കോഴിമുട്ട -10 എണ്ണം
- പഞ്ചസാര -ഒരു കപ്പ്
- പാല്‍പ്പൊടി -നാല് ടീസ്പൂണ്‍
- ഏലക്കായ -അഞ്ചെണ്ണം
- നെയ്യ് -ആവശ്യത്തിന്
- വെള്ളം -ആവശ്യത്തിന്
തയാറാക്കുന്ന വിധം
കോഴിമുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേറെയാക്കിവെക്കുക. മഞ്ഞ, സ്പൂണ്‍കൊണ്ട് നന്നായി ഉടച്ച് അരിക്കണം. ഒരു പരന്ന പാനില്‍ പഞ്ചസാരയും മുക്കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് അടുപ്പില്‍വെച്ച് പഞ്ചസാര നന്നായി ഉരുകിയതിനുശേഷം, മുട്ടയുടെ മഞ്ഞ, മുട്ടത്തോടിലൊഴിച്ച് പഞ്ചസാര സിറപ്പില്‍ ചുറ്റിയൊഴിച്ച് അല്പസമയം കഴിഞ്ഞ് തീകുറച്ച് ഒരു ടീസ്പൂണ്‍ വെള്ളം തളിച്ച് മുട്ടമാല കോരിയെടുക്കാം. മുട്ടമഞ്ഞ മുഴുവന്‍ ഇങ്ങനെ ചെയ്ത ശേഷം ബാക്കിവരുന്ന പഞ്ചസാര സിറപ്പ് തണുപ്പിച്ച്, പാല്‍പ്പൊടിയും മുട്ടവെള്ളയും ഏലക്കയും പഞ്ചസാര സിറപ്പും ചേര്‍ത്ത് മിക്സിയിലടിച്ച് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച്, ആവിയില്‍ വേവിച്ച് കഷണങ്ങളാക്കി മുട്ടമാല പ്ളെയിറ്റില്‍ വിതറിയിട്ട് മുട്ടവെള്ളയുടെ കഷണങ്ങളില്‍ ചെറീസ് കഷണങ്ങളാക്കിയതുവെച്ച് അലങ്കരിക്കാം. മുട്ടമാല റെഡി