കേരളത്തിൽ തയ്യാറാക്കുന്ന പരമ്പരാഗതവും ആധികാരികവുമായ വിഭവമാണ് തീയൽ. വിവിധതരം പച്ചക്കറികൾക്കൊപ്പം വറുത്ത തേങ്ങ അരച്ച പേസ്റ്റ്/പൊടി എന്നിവയാണ് ഇതിന്റെ പ്രത്യേകത.
തയ്യറാക്കാനെടുക്കുന്ന സമയം: 15 മിനുട്ട്
ആവശ്യമായ ചേരുവകൾ
- തേങ്ങ ചിരകിയത് -ഒരു കപ്പ്
- ചുവന്നുള്ളി നീളത്തിലരിഞ്ഞത് -ഒന്നര കപ്പ്
- വെളിച്ചെണ്ണ -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
- കടുക് -ഒരു ടീസ്പുണ്‍
- ചുവന്ന മുളക് -2-3 എണ്ണം നുറുക്കിയത്
- ഇഞ്ചി -വെളുത്തുള്ളി പൊടിയായരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
- തക്കാളി മുറിച്ചത് -ഒരു കപ്പ്
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- മുളകുപൊടി -ഒന്നര ടീസ്പൂണ്‍
- മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
- ഗരം മസാല -ഒരു ടീസ്പൂണ്‍
- കറിവേപ്പില -2-3 കതിര്‍പ്പ്
- മല്ലിയില -കുറച്ച്
തയ്യറാക്കുന്ന വിധം
കുറച്ച് വെളിച്ചെണ്ണയൊഴിച്ച് തേങ്ങ ചിരവിയത് വറുക്കണം. നന്നായി ചുവന്നുകഴിഞ്ഞാല്‍ പൊടിമസാലകള്‍ ചേര്‍ത്തിളക്കി മയത്തില്‍ അരച്ചെടുത്ത് മണംപോകാതെ അടച്ച് മാറ്റിവെക്കണം. കറി വെക്കാനുള്ള പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകുപൊട്ടിച്ച് മുളകുചേര്‍ത്ത് വഴറ്റിയതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചുകന്നുള്ളി എന്നിവയിട്ട് നന്നായി വഴറ്റി മൂപ്പിച്ചതിലേക്ക് തക്കാളിയിട്ട് വീണ്ടും ഇളക്കി തക്കാളി വാടിക്കഴിഞ്ഞാല്‍ വറുത്തരച്ചുവെച്ച കൂട്ട് കുറച്ച് ചൂടുവെള്ളത്തില്‍ കലക്കി ഒഴിക്കണം.
ഗ്രേവി ആവശ്യാനുസരണം അല്‍പം ചൂടു വെള്ളമൊഴിച്ച് പാകമാക്കി ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി എല്ലാംകൂടി യോജിപ്പിച്ചു കഴിഞ്ഞാല്‍ അര ടീസ്പൂണ്‍ നെയ്യ് മുകളില്‍ ഒഴിച്ച് ഇറക്കിവെക്കാം. ചുവന്നുള്ളി തീയല്‍ വളരെ രുചികരമായ ഒരു കറിയാണ്. ഊണിനോടൊപ്പം കഴിക്കാനാണ് കൂടുതല്‍ നന്നായിരിക്കുക.