മസ്കത്ത്: ട്വന്റി20 പരമ്പരയിൽ നമീബിയക്കെതിരായ മൂന്നാം മത്സരത്തിൽ ഒമാന് തകർപ്പൻ വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഒമാൻ താരങ്ങൾ തിളങ്ങിയ മത്സരത്തിൽ നമീബിയയെ എട്ട് വിക്കറ്റിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ്എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 11.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പയിൽ ഒമാൻ 2-1ന് മുന്നിലെത്തി.
44 ബാളിൽ 66 റൺസടെുത്ത ഓപണർ നസീം ഖുഷിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഒമാന് വിജയം എളുപ്പമാക്കിയത്. ആറു സിക്സറുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഇന്നിങ്ങ്സ്. ആഖിബ് ഇല്യാസ് 26 റൺസുമായി പുറത്താകാതെ നിന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ബൗളർമാരുടെ പ്രകടനാം.
രണ്ട് വീതം വിക്കറ്റെടുത്ത ക്യാപ്റ്റൻ ആക്വിബ് ഇല്യാസ്, മുഹമ്മദ് നദീം, ഫയാസ് ബട്ട് എന്നിവരുടെ മികവിൽ നമീബിയയെ കുറഞ്ഞ സ്കോറിൽ പുറത്താക്കുകയായിരുന്നു. നമീബിയൻ നിരയിൽ റൂബൻ ട്രംപൽമാൻ (26), ജാൻ ഫ്രൈ ലിങ്ക് (22), ജീൻ പിയറി കോട്സെ (18) എന്നിവരൊഴികെ മറ്റുള്ളവർ നിരാശപ്പെടുത്തി. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നടക്കും.