വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു.വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്‌റ്റേറ്റിലെ അരുണ്‍ (51) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. താമസ സ്ഥലത്ത് നിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അരുണിനെ കാട്ടുപോത്ത് ആക്രമിച്ചത്. തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് പാഞ്ഞെത്തി അരുണിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുറച്ചുനേരം അവിടെ തന്നെ നിലയുറപ്പിച്ച ശേഷമാണ് കാട്ടുപോത്ത് പിന്‍വാങ്ങിയത്.

Read more : കോൺഗ്രസ് പ്രകടനപത്രികയായ ‘ന്യായ് പത്ര’ പുറത്തിറക്കി : പ്രധാന വാഗ്ദാനങ്ങളിൽ മിനിമം വേതനവും, ദേശീയ ജാതി സെൻസസും, എസ്‌.സി, എസ്.ടി, ഒ.ബി.സി സംവരണങ്ങളിൽ 50% പരിധി എന്നിവയും

അരുണിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ഒന്നുരണ്ടുമാസമായി പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടുപോത്തുകള്‍ കൂട്ടമായി ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് എത്തുന്ന സ്ഥിതി ഉണ്ട്. കാട്ടുപോത്തിനെയും കാട്ടാനയെയും പേടിച്ച് തൊഴിലാളികളില്‍ ചിലര്‍ ജോലി പോലും ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. അതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.