ഒരു തരി പൊന്നില്ലാതെ മകളുടെ കല്യാണം: ഒരമ്മയുടെ കുറിപ്പും, ദേവദത്തിന്റെ വധുവും

ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ്‌രജിസ്റ്റാർ ഓഫീസിൽ വെച്ചു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫാലിമി, കുടുക്ക്, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണ് ഷൈന.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ദേവദത്ത് ഷാജിയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഭീഷ്മപർവത്തിനു വേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചു.

ഇരട്ടസഹോദരിയുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്ന ചിത്രം റൈന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘ആജീവനാന്ത സാക്ഷി ഞാൻ തന്നെ’ എന്ന അടിക്കുറിപ്പുമുണ്ട്. അതേസമയം വികാരനിർഭരമായ കുറിപ്പായിരുന്നു വിവാഹചിത്രങ്ങൾക്കൊപ്പം ഇരുവരുടെയും അമ്മ സുനന്ദ പങ്കുവച്ചത്.

സുനന്ദയുടെ വാക്കുകൾ: ‘‘ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂർ സബ് റജിസ്ട്രാർ ഓഫീസിൽ വച്ച് ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഒരു ഒപ്പിലൂടെ അവൾ “ദേവവധുവായി”. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം! ആളുകൾ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന്, എന്റെ ചെറിയ ആശങ്കയ്ക്ക്, അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തിൽ പറഞ്ഞതിന്!! കൂടെ കട്ടയ്ക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്നേഹം. സുനന്ദയ്ക്ക് ചെലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദർശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇൻഡിപെൻഡന്റ് ആയ തക്കൂന്റെ കൂടെ നിൽക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയിൽ എനിക്ക് അവൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.’

Read also: ആടുജീവിതത്തിൽ നജീബായി ആദ്യം തിരെഞ്ഞെടുത്തത് ഈ നടനെ: വൈറലായി വീഡിയോ