ശശി തരൂരിന്റെ ആസ്തി ക്രമാനുഗതമായി വര്‍ദ്ധിച്ചു: 55 കോടിയുടെ ആസ്തിയുണ്ടിപ്പോള്‍; അഞ്ചുവര്‍ഷം കൊണ്ട് വര്‍ദ്ധിച്ചത് 20 കോടിയുടെ ആസ്തി

മത്സരിക്കുന്ന ഓരോ അഞ്ചു വര്‍ഷവും ക്രമാനുഗതമായി ആസ്തി വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ് തിരുവനന്തപുരം എം.പി ശശിതരൂരിന്റേത്. നിലവില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ തന്റെ ആസ്തി 55 കോടിയാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ആദ്യം മത്സരിക്കാനെത്തുമ്പോള്‍, അതായത് 2014ല്‍ തരൂരിന്റെ ആസ്തി 23 കോടി ആയിരുന്നു. അത് 2019ല്‍ മത്സരിക്കുമ്പോള്‍ 35 കോടിയായി ഉയര്‍ന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ 12 കോടിയുടെ ആസ്തിയാണ് വര്‍ദ്ധിച്ചത്. എന്നാല്‍, 2019 മുതല്‍ 2024 വരെയുള്ള ആസ്തി വര്‍ദ്ധന 20 കോടിയാണ്.

പൊതു തിരഞ്ഞെടുപ്പിന്റെ നാമ നിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ശശി തരൂര്‍ തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ച്ചയായി നാലാം തവണയാണ് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് തരൂര്‍ ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. തന്റെ കൈവശം 55 കോടിയിലധികം ആസ്തിയുണ്ടെന്ന് തരൂര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 4.32 കോടിക്ക് മുകളിലായിരുന്നു. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്റെ ആസ്തികളുടെയും ബാധ്യതകളുടെയും വിശദാംശങ്ങളാണ് തരൂര്‍ നല്‍കിയിട്ടുള്ളത്. 49 കോടിയിലധികം രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്.

19 ബാങ്ക് അക്കൗണ്ടുകളിലായി വിവിധ തുകകളുടെ നിക്ഷേപങ്ങളും വിവിധ ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെ നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വര്‍ണവും 36,000 രൂപ കൈയിലുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 6.75 കോടിയിലധികം രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. അതില്‍ പാലക്കാട്ടെ 2.51 ഏക്കര്‍ കൃഷിഭൂമിയില്‍ 1.56 ലക്ഷം രൂപ മൂല്യമുള്ള നാലിലൊന്ന് ഓഹരിയും തിരുവനന്തപുരത്ത് സ്വന്തമായി 6.20 കോടിയിലധികം വില മതിക്കുന്ന ഭൂമിയും ഉള്‍പ്പെടുന്നു. തലസ്ഥാനത്തെ 52 ലക്ഷം രൂപ വിലമതിക്കുന്ന വീടും സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുണ്ട്. മാരുതി സിയാസ്, മാരുതി XL6 എന്നിങ്ങനെ രണ്ട് കാറുകളുണ്ടെന്നും വ്യക്തമാക്കുന്നു.

Latest News