കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുമെന്ന സിപിഎം പ്രകടനപത്രികയിലെ സുപ്രധാനമായ തീരുമാനത്തിനു തുരങ്കംവയ്ക്കുന്ന നടപടികളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടിയന്തരമായി ഇടപെടണമെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.
കേന്ദ്രത്തില്‍ ഇന്ത്യാസഖ്യം അധികാരത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്ന നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തിന് ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നതിലാണ് താത്പര്യം. പിണറായി വിജയനെതിരേയുള്ള അരഡസനോളം ഗുരുതരമായ കേസുകള്‍ക്ക് സംരക്ഷണം നല്കുന്നത് ബിജെപിയാണ്. അവരുടെ വോട്ട് മറിച്ച് അധികാരത്തിലേറുകയും അവരോടെ സന്ധി ചെയ്ത് അധികാരത്തല്‍ തുടരുകയുമാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യാമുന്നണിയുടെ നിലപാടിനോട് ചേര്‍ന്നു നില്ക്കുന്നതാണ് സിപിഎമ്മിന്റെ പ്രകടന പത്രിക. എന്നാല്‍ ഇതൊന്നും കേരള മുഖ്യമന്ത്രിക്ക് ബാധകമല്ല. അദ്ദേഹം വാ തുറക്കുന്നതുതന്നെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കുറ്റപ്പെടുത്താനാണ്. ദേശീയപൗരത്വനിയമ ഭേദഗതിക്കെതിരേ പോരാടിയ രാഹുല്‍ ഗാന്ധിക്കെതിരേ 18 കേസുകളുണ്ടെങ്കിലും രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണെന്ന് മുഖ്യമന്ത്രി ഓടിനടന്നു പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
കേരള ബജറ്റില്‍ സ്വകാര്യസര്‍വകലാശാലകളെ പ്രോത്സാഹിക്കുമെന്നു പ്രഖ്യാപിച്ചതിനു കടകവിരുദ്ധമായി സിപിഎം പ്രകടനപത്രികയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തെയും വിദേശനിക്ഷേപത്തെയും എതിര്‍ക്കുന്നു. യുഎപിഎ നിയമം പ്രാകൃതമാണെന്ന് പ്രകടനപത്രികയില്‍ പറയുമ്പോള്‍, പിണറായി വിജയന്റെ ഏറ്റവും പ്രിയപ്പെട്ട കരിനിയമമാണിത്. അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ ജയിലിടച്ച് അവരുടെ ജീവിതം തുലച്ചത് യുഎപിഎ ഉപയോഗിച്ചാണ്. മാവോയിസ്റ്റുകളെ ഏകപക്ഷീയമായി വെടിവച്ചുകൊന്നതും ഇത്തരം കരിനിയമങ്ങളുടെ ബലത്തിലാണെന്ന് ഹസന്‍ പറഞ്ഞു.