നാലക്ഷരം പഠിച്ചവരാണോ ?: അറിയാം സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയിരിക്കുന്നവര്‍ അത്ര നിസ്സാരക്കാരല്ല. വിദ്യാഭ്യാസത്തിലും ആസ്തിയിലും മത്സരിക്കുന്നവര്‍ തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒന്നാമന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വിശ്വപൗരനുമായ ശശി തരൂരാണ്. അമേരിക്കയിലെ ടഫ്സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്എയിലെ പുഗറ്റ്സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദവുമുണ്ട്.

ശശി തരൂരിന്റെ എതിരാളിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ടെക്നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. കൂടാതെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലെ മത്സരത്തില്‍ ഇവരാണ് മുന്നില്‍ നില്‍ക്കുന്നത്. മറ്റു സ്ഥാനാര്‍ത്ഥികളും വിദ്യാഭ്യാസത്തില്‍ കുറഞ്ഞ പുള്ളികളല്ലെല്ല് നാമനിര്‍ദ്ദേശ പത്രികകള്‍ പറയുന്നു.

സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസയോഗ്യത ഇങ്ങനെയാണ്: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ ബി.എസ്.സി, നിയമ ബിരുദധാരിയാണ്. മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് എല്‍.എല്‍.ബി ബിരുദധാരിയാണ്. ആലപ്പുഴയിലെ ഇടതു സ്ഥാനാര്‍ത്ഥി എ.എം ആരിഫും എല്‍.എല്‍.ബിക്കാരനാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാല്‍ എം.എസ്.സി ബിരുദധാരിയാണ്. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എം.ബി.എക്കാരനാണ്.

പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി എം.എ, എം.ഫില്‍, കോട്ടയത്തെ കെ. ഫ്രാന്‍സിസ് ജോര്‍ജ് ബി.എ, എല്‍.എല്‍.ബി, തൃശൂരിലെ കെ. മുരളീധരന്‍ ബി.എ, സുരേഷ് ഗോപി എം.എ ഇംഗ്ലീഷ്, വടകരയിലെ കെ.കെ ശൈലജ ബി.എസ്.സി ബി.എഡ് എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. അടൂര്‍ പ്രകാശ് എല്‍.എല്‍.ബി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.എ ഹിസ്റ്ററി, സി.പി.എം നേതാവ് എം.വി ജയരാജന്‍ എല്‍.എല്‍.ബി, രാജ്മോഹന്‍ ഉണ്ണിത്താന്‍ ബി.എ ഇക്കണോമിക്സ് എന്നിങ്ങനെയാണ് വിദ്യാഭ്യാസം. കോഴിക്കോട്ടെ ഇടതു സ്ഥാനാര്‍ത്ഥി എളമരം കരീമിന് പ്രീഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യതയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നരില്‍ മുന്നില്‍ തരൂര്‍ തന്നെയാണ് 55 കോടിയാണ് ആസ്തി. രാജീവ് ചന്ദ്രശേഖറിന് 23.65 കോടിയാണുള്ളതെന്ന് ആസ്തി വിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. സുരേഷ് ഗോപിക്ക് 12.66 കോടിയുമാണുള്ളത്.