മഥുര പാര്‍ലമെന്റ് മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഹിന്ദി നടിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമാ ഹേമാമാലിനിയുടെ ആസ്തി 142കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം. ഹേമമാലിനിയുടെയും ഭര്‍ത്താവിന്റെയും സ്വത്ത് ഉള്‍പ്പടെയാണ് 142 കോടി രൂപയുടെ ആസ്തി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണമത്സരിക്കുമ്പോള്‍ ഹേമമാലിനിയുടെ മാത്രം സ്വത്ത് 114കോടി രൂപയായിരുന്നു. ഇത്തവണ 8 കോടിയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ഹേമാമാലിനിക്ക് ഒരു കോടിയലധികം രൂപയുടെ കടബാധ്യതയുമുണ്ട്.

ഹേമമാലിനിയുടെ ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്രയുടെ ആസ്തി 26,52,32,266 രൂപയാണ്. ധര്‍മ്മേന്ദ്രക്ക് 6,49,67,402 രൂപയുടെ കടബാധ്യതയുമുണ്ട്. ഹേമമാലിനിയുടെ കൈവശം 13,52,865 രൂപയും ഭര്‍ത്താവിന്റെ കൈവശം 43,19,016 രൂപയും ഉണ്ട്. പിഎച്ച്ഡി ബിരുദധാരിയാണ് ഹേമമാലിനി. 75 വയസ്സുകാരിയായ നടിയുടെ പേരില്‍ ക്രിമിനല്‍ കേസില്ല. ഭര്‍ത്താവിനെ പോലെ അഭിനയമാണ് തൊഴിലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മെഴ്സിഡസ് ബെന്‍സ് ഉള്‍പ്പടെ ഹേമമാലിനിക്ക് 61,53,816 രൂപയുടെ വാഹനങ്ങളുണ്ട്.

3,39,39,307 രൂപയുടെ സ്വര്‍ണം, വെള്ളി, വജ്രം ആഭരണങ്ങളുണ്ട്. 2014ലാണ് ഹേമമാലിനി ആദ്യമായി ലോക്സഭയിലെത്തിയത്. 1999 ലെ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ ബോളിവുഡ് നടനുമായിരുന്ന വിനോദ് ഖന്നയ്ക്ക് വേണ്ടി പഞ്ചാബിലെ ഗുരുദാസ്പൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ ഹേമ മാലിനി പ്രചാരണം നടത്തിയിരുന്നു. 2004 ഫെബ്രുവരിയില്‍ അവര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. 2003 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നാമനിര്‍ദ്ദേശത്തില്‍ അവര്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ എംപിയായി സേവനമനുഷ്ഠിച്ചു.

2010 മാര്‍ച്ചില്‍ ഹേമ മാലിനിയെ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാക്കുകയും 2011 ഫെബ്രുവരിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അനന്ത് കുമാര്‍ അവരെ ശുപാര്‍ശ ചെയ്യുകയും ചെയ്തു. 2014 ലെ ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ മഥുര മണ്ഡലത്തില്‍ നിന്ന് നിലവിലുണ്ടായിരുന്ന അംഗം ജയന്ത് ചൗധരിയെ (ആര്‍എല്‍ഡി) 3,30,743 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീടിങ്ങോട്ട് 2019 ലെ തെരഞ്ഞെടുപ്പിലും മഥുരയില്‍ നിന്നു വിജയിച്ചു. മഥുര മണ്ഡലത്തില്‍ നിന്ന് വിജയത്തിന്റെ ഹാട്രിക് അടിക്കാനാണ് ഹേമമാലിനിയുടെ തീരുമാനം.

മൃഗങ്ങളുടെ അവകാശ സംഘടനയായ ‘പെറ്റ ഇന്ത്യയുടെ’ പിന്തുണക്കാരില്‍ ഒരാളാണ് ഹേമമാലിനി. മുംബൈയിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് കുതിരവണ്ടികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2009ല്‍ അവര്‍ മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് ഒരു കത്തെഴുതിയിരുന്നു. കാളപ്പോര് (ജല്ലിക്കെട്ട്) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ അന്നത്തെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ജയറാം രമേശിന് കത്തെഴുതി. ‘പെറ്റ പേഴ്സണ്‍ ഓഫ് ദ ഇയര്‍’ എന്ന സ്ഥാനപ്പേരും അവര്‍ നേടിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ ‘സ്വപ്ന നായിക’ എന്നതില്‍ കുറഞ്ഞ വിശേഷണമൊന്നും ഹേമമാലിനിക്ക് ഹിന്ദി സിനിമാലോകം നല്‍കിയിട്ടില്ല. സിനിമാ ലോകത്തെ ഡ്രീം ഗേളായി തുടരുമ്പോഴും നര്‍ത്തകി, എഴുത്തുകാരി, സംവിധായിക, നിര്‍മാതാവ്, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും ഹേമമാലിനി ശോഭിച്ചിരുന്നു.

അഭിനയിച്ച മിക്ക സിനിമകളിലും നായകനായെത്തിയ അക്കാലത്തെ സൂപ്പര്‍സ്റ്റാര്‍ ധര്‍മേന്ദ്രയെ തന്നെ ഹേമമാലിനി ജീവിതത്തിലും നായകനാക്കി. ബോളിവുഡിലെ ഏറെ കാലം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ കൂടിയാണ് ഇവര്‍. 1980ലായിരുന്നു ഇരുവരുടെയും വിവാഹം. ഹേമയെ വിവാഹം ചെയ്യുമ്പോള്‍ തന്നെ ധര്‍മ്മേന്ദ്ര നാലുമക്കളുടെ അച്ഛനായിരുന്നു. ആദ്യവിവാഹത്തിലെ ധര്‍മേന്ദ്രയുടെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും ബോളിവുഡില്‍ ചുവടുവെച്ചുകഴിഞ്ഞു.
















