തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദർശനം തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദൂരദർശനിൽ ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സിനിമ പ്രദർശനം സാമൂഹിക സൗഹാർദ്ദം തകരുന്നതിന് വഴിവെക്കുമെന്നും സിപിഎം ചൂണ്ടിക്കാണിച്ചു. മുന്‍പില്ലാത്ത വിധം സിനിമ പ്രദർശിപ്പിക്കുന്നത് വ്യാപക പ്രചാരണം നല്‍കുന്നുവെന്നും സിപിഎം കൂട്ടിച്ചേർത്തു.
കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമയാണിതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സിനിമ പ്രദർശനം സംശയാസ്പദമാണെന്നും സിപിഎം പറഞ്ഞു. ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്നും സംശയിക്കുന്നു.
സിനിമ പ്രദർശനം സാമൂഹിക സൗഹാർദ്ദം തകരുന്നതിന് വഴിവെക്കുമെന്നും സിപിഎം ചൂണ്ടിക്കാണിച്ചു. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. സിനിമ തടയണമെന്ന നിലപാടാണ് ഫാസിസമെന്നായിരുന്നു ബിജെപി പ്രതികരണം. കേരള സ്റ്റോറി സിനിമ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് രാത്രി എട്ടിന് ദൂരദർശൻ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതാണ് കേരള സ്റ്റോറിയിലെ പുതിയ വിവാദം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്നലെ മുതൽ ദൂരദർശനെതിരെ കടുത്ത ഭാഷയിൽ രംഗത്ത് വന്നു. ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയലാഭത്തിനുള്ള സംഘപരിവാർ താല്പര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ധ്രൂവീകരണനീക്കവും പെരുമാറ്റച്ചട്ടലംഘനവും ഉന്നയിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാതി.
അതേസമയം സിനിമക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി രംഗത്തെത്തി. കേരളത്തിൽ നിന്നും 32000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തു എന്ന് വരെ പ്രചരിപ്പിച്ചുള്ള ചിത്രം റിലീസ് കാലത്ത് തന്നെ വിവാദമായിരുന്നു. 200 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഒടിടി റിലീസും കടന്നാണ് സിനിമ ഇപ്പോൾ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നത്.