‘വിവാഹിതനാണോ’ എന്ന കോളത്തില്‍, ‘നോട്ട് ആപ്ലിക്കബിള്‍’ എന്ന് ഉത്തരം: പക്ഷെ, രണ്ട് കുട്ടികളുണ്ട്

നാമനിര്‍ദേശ പത്രികയില്‍ വിശദീകരണം ചോദിച്ച് കളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഹൈ ലൈറ്റായ ദിനമായിരുന്നു കടന്നു പോയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. എല്ലാ മാധ്യമങ്ങളും നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന ആസ്തി വിവരങ്ങള്‍ക്കും വിദ്യാഭ്യാസ യോഗ്യതക്കും പിന്നാലെയാണ് ഓടിയത്. എന്നാല്‍, ഒരു സ്ഥാനാര്‍ത്ഥിയുടെ കുടുംബ ബന്ധത്തെ കുറിച്ചുള്ള വിവരമാണ് ചിലര്‍ക്കറിയേണ്ടിയിരുന്നത്. അത് വിവാദമായതോടെ സ്ഥാനാര്‍ത്ഥികളോട് ജില്ലാകളക്ടര്‍ വ്യക്തത തേടുകയും ചെയ്തു. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ തോമസ് ഐസക്കിനോടും ആന്റോ ആന്റണിയോടുമാണ് അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തത തേടി.

വിവാഹിതനാണോ എന്ന കോളത്തില്‍ നോട്ട് ആപ്ലിക്കബിള്‍ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യു.ഡി.എഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടേണ്ടി വന്നതെന്നാണ് കളക്ട്രേറ്റ് നല്‍കുന്ന വിശദീകരണം. ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിലാണ് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വ്യക്ത വരുത്തിയാല്‍ മതി എന്നതുകൊണ്ട് ഇരുവരുടെയും പത്രികകള്‍ അംഗീകരിക്കുന്നതില്‍ തടസ്സമുണ്ടായില്ല.

തോമസ് ഐസക്ക് വിവാഹബന്ധം വേര്‍പെടുത്തിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോള്‍ ഏകാന്ത വാസത്തിലാണ്. ഭാര്യയും മക്കളും അമേരിക്കയിലും. ഭാര്യ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞയും ആന്ധ്രാപ്രദേശ് സ്വദേശിനിയുമായ നട ദുവൂരിയാണ്. ഇപ്പോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലണ്ടിലെ സീനിയര്‍ പ്രൊഫസര്‍. ഇവര്‍ക്ക് സാറ ദുവിസാക്, ഡോറ ദുവിസാക് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

സ്വന്തമായി ഒരു തരി ഭൂമിയില്ല. സ്വര്‍ണ്ണവുമില്ല. ആകെയുള്ള സ്വത്ത് ഇരുപിനായിരത്തോളം പുസ്തകങ്ങളാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പുസ്തകങ്ങള്‍ക്ക് 9.60ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും രേഖകള്‍. പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ അനിയന്റെ വീട്ടിലാണെന്നും അവിടെയാണ് താമസിക്കുന്നതെന്നും തോമസ് ഐസക്ക് പറയുന്നു. തിരുവനന്തപുരം ട്രഷറി സേവിംഗ് ബാങ്കില്‍ ആറായിരം രൂപയും, പെന്‍ഷനേഴ്‌സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്.ബി.ഐ ആക്കൗണ്ടില്‍ 39,000 രൂപയും കെ.എസ്.എഫ്.ഇയുടെ സ്റ്റാച്യു ബ്രാഞ്ചില്‍ സുഗമ അക്കൗണ്ടില്‍ 36,000 രൂപയും, ഇതേ ബ്രാഞ്ചില്‍ സ്ഥിര നിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് തോമസ് ഐസക്കിന്റെ നിക്ഷേപം.

കെ.എസ്.എഫ്.ഇയുടെ ഇതേ ബ്രാഞ്ചില്‍ ചിട്ടിയുടെ തവണയായി 77,000 രൂപയോളം ഇതുവരെ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയുമുണ്ട്. അടുത്തിടെയായി തോമസ് ഐസക്ക് വലിയ വിവാദങ്ങളിലൂടെയാണ് പോകുന്നത്. ഇപ്പോഴും വിവാദങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്. മസാല ബോണ്ടിന്റെ പേരില്‍ ഇ.ഡിയുടെ നോട്ടീസ് എത്രയെണ്ണം വന്നിട്ടുണ്ടെന്ന് ഐസക്കിനു തന്നെ അറിയില്ല. അതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടിയുള്ള താക്കീത് വരുന്നത്. കുടംബ ശ്രീയുടെ യോഗത്തില്‍ പങ്കെടുത്ത് വോട്ടു ചോദിച്ചതാണ് പുലിവാലു പിടിക്കാന്‍ കാരണം.

ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടര്‍ താക്കീത് നല്‍കുകയും ചെയ്തു. ഇതിന് ഐസക്ക് പഴിചാരിയത് പത്തനംതിട്ടയിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകരെയാണ്. തന്നെ തെറ്റിദ്ധരിപ്പ് സി.ഡി.എസ് യോഗത്തില്‍ പങ്കെടുപ്പിച്ചതാണെന്നാണ് ഐസക്ക് പറയുന്നത്. അതിനിടെ കോട്ടയത്തെ അപരന്മാരുടെ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. അപരന്മാരുടെ പത്രികയില്‍ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് യുഡിഎഫ് പരാതിപ്പെട്ടു. പത്രിക പൂര്‍ണമായും പൂരിപ്പിച്ചിട്ടില്ലെന്നും വാദിച്ചു.

പത്രികയില്‍ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാന്‍ അപരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ജില്ലാ കളക്ടര്‍, പത്രിക തള്ളുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകുന്നേരം നാലുമണിയോടെയെടുക്കുമെന്ന് വ്യക്തമാക്കി. ഫ്രാന്‍സിസ് ഇ ജോര്‍ജിനായി പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെ പത്ത് വോട്ടര്‍മാരാണെന്നും ഈ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടിക നോക്കി പകര്‍ത്തിയതാണെന്നും ഒപ്പുകള്‍ വ്യാജമെന്നും യുഡിഎഫ് ആരോപിച്ചു. കൂവപ്പള്ളിക്കാരന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ പത്രികയിലെ ഒപ്പുകളിലും യുഡിഎഫ് സംശയം ഉന്നയിച്ചു.

മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രന്‍ ശ്രീധരന്‍ കള്ളടിക്കുന്നത്തിന്റെ പത്രിക തള്ളി. അഫിഡവിറ്റു സമര്‍പ്പിക്കാത്തതിന് പുറമെ പണം കെട്ടി വെച്ചിരുന്നുമില്ല. മൂന്നു ഡെമ്മി സ്ഥാനാര്‍ഥികളുടെ പത്രികയും ഒഴിവാക്കി. പത്തു സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു.

Latest News