ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്റസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചതായും സുപ്രിംകോടതി വ്യക്തമാക്കി.
ഹരജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 2004ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസാക്കിയ യുപി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ട് ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. നിലവില്‍ മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മുമ്പോട്ടു കൊണ്ടുപോകുന്നതിനായി പുതിയ പദ്ധതി രൂപവത്കരിക്കണമെന്നും അന്ന് കോടതി ഉത്തരവിട്ടിരുന്നു.
Read more: ഭീമ കൊറേഗാവ് അക്രമക്കേസിലെ പ്രതി ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
സംസ്ഥാനത്തെ മദ്രസകളുടെ സര്‍വേ നടത്താന്‍ ബിജെപി ഗവണ്‍മെന്റ് തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു ഹൈക്കാടതിയുടെ വിധി വന്നത്. മദ്റസ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെ നിരവധി പേരുടെ വിദ്യാഭ്യാസവും ജോലിയും അനിശ്ചിതത്വത്തിലായിരുന്നു. മദ്റസ നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും 14 വയസ്സ് വരെയോ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു അലഹാബാദ് ഹൈക്കോടതി അന്ന് വിധി പറഞ്ഞത്.