ടെക് ലോകത്ത് എന്നും വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്ന കമ്പനിയാണ് ആപ്പിൾ. ഇപ്പോൾ ഇതാ പുതിയ ഒരു നീക്കത്തിന് തുടക്കം കുറിയ്ക്കാൻ തയ്യാറായിരിക്കുകയാണ് ആപ്പിൾ.
ഉപയോക്താക്കൾക്കായി വ്യക്തിഗത റോബോട്ടുകൾ നിർമ്മിക്കാനാണ് ആപ്പിൾ ഇപ്പോൾ ശ്രമം നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മൊബൈൽ റോബോട്ട് എന്ന നിലയ്ക്ക് ആയിരിക്കും ആപ്പിൾ ഇവ നിർമ്മിക്കുക.
എവിടെയും ഉപയോക്താക്കളെ പിന്തുടരാൻ സാധിക്കുന്ന തരത്തിലുള്ള റോബോട്ട് ആയിരിക്കും ഇത് എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇതിനായുള്ള ജോലികൾ ആപ്പിൾ ആരംഭിച്ചതേയുള്ളു. വർഷങ്ങൾ കാത്തിരുന്നാൽ മാത്രമെ ഇതിന്റെ നിർമ്മാണം പൂർത്തിയാകു എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യുടെ പിന്തുണയോടെ ആയിരിക്കും ഈ ആപ്പിൾ റോബോട്ട് പ്രവർത്തിക്കുക. നിലവിൽ എഐ വികസനത്തിനായുള്ള പ്രവർത്തനങ്ങളും ആപ്പിൾ നടത്തുന്നുണ്ട്.
അപ്‌ഡേറ്റ് ചെയ്‌ത വിഷൻ പ്രോ, ടച്ച് സ്‌ക്രീൻ മാക്‌സ്, ബിൽറ്റ്-ഇൻ ക്യാമറകളുള്ള എയർപോഡുകൾ, എന്നിവയ്ക്ക് ശേഷം ആപ്പിൾ അവതരിപ്പിക്കുന്ന വിപ്ലവകരമായ ഉത്പന്നം ആയിരിക്കും ഈ റോബോട്ട് എന്നാണ് പ്രതീക്ഷിക്കുന്നത്.