ഷാർജയിലെ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ: രക്ഷപ്പെടാൻ താഴേക്ക് ചാടിയ ആഫ്രിക്കക്കാരൻ മരിച്ചു

ഷാർജ: ഇന്നലെ (വ്യാഴം) രാത്രി ഷാർജയിലെ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയ്ക്കിടെ രക്ഷപ്പെടാൻ വേണ്ടി താഴേയ്ക്ക് ചാടിയ ആഫ്രിക്കക്കാരൻ മരിച്ചു. താമസക്കാരിൽ ചിലർക്ക് പുകശ്വസിച്ച് ശ്വാസംമുട്ടലനുഭവപ്പെട്ടു. അൽ നഹ്ദയിലെ 38 നിലകളുള്ള റസിഡൻഷ്യൽ ടവറിലാണ് തീപിടുത്തമുണ്ടായത്.

ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. താമസക്കാരെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

അഗ്നിബാധയുണ്ടായ ഉടൻ തന്നെ താമസക്കാരിൽ പലരും പുറത്തേക്കു രക്ഷപ്പെട്ടിരുന്നു. ആഫ്രിക്കക്കാരും ജിസിസി പൗരന്മാരുമാണ് ഇൗ കെട്ടിടത്തിലെ താമസക്കാരിൽ ‌ഭൂരിഭാഗം പേരും. മലയാളികളടക്കമുള്ള ഇന്ത്യക്കാരുമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ താമസക്കാരെ ഒഴിപ്പിച്ചത് കൂടുതൽ അപകടം ഒഴിവാക്കാൻ വഴിയൊരുക്കി. കെട്ടിടത്തിന്റെ 33 നിലകളിലാണ് ആളുകൾ താമസിക്കുന്നത്. താഴത്തെ 5 നിലകൾ പാർക്കിങ് ഏരിയാണ്. കെട്ടിടത്തിലെ ഒാരോ നിലയിലും എട്ട് ഫ്ലാറ്റുകൾ വീതമാണുള്ളത്. എ,ബി,സി എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളാണ് കെട്ടിടത്തിനുള്ളത്. ബി ബ്ലോക്കിലായിരുന്നു അഗ്നിബാധ. മരിച്ച ആഫ്രിക്കാരന്റെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read also: ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ