ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഇരുമ്പ് (Iron). രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇരുമ്പിന്റെ കുറവ് വിളർച്ച എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. സ്ത്രീകൾ, കുട്ടികൾ എന്നിവരിലാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതൽ.
ശരീരത്തിലെ ഇരുമ്പിന്റെ മൂന്നിൽ രണ്ട് ഭാഗവും ഹീമോഗ്ലോബിൻ പ്രതിനിധീകരിക്കുന്നു. നിങ്ങൾക്ക് വേണ്ടത്ര ഇരുമ്പ് ഇല്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ആരോഗ്യകരമായ ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ കഴിയില്ല. ഇരുമ്പിന്റെ കുറവ് സപ്ലിമെന്റുകൾ ഉപയോഗിച്ച് പരിഹാരം കാണാം
ഒരാൾക്ക് എത്ര അളവ് ഇരുമ്പ് ആവശ്യമാണ് എന്നതിനെ കുറിച്ച് പലർക്കും അറിയില്ല. അത് നിങ്ങളുടെ പ്രായം, ലിംഗഭേദം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശിശുക്കൾക്കും കുട്ടികൾക്കും മുതിർന്നവരേക്കാൾ കൂടുതൽ ഇരുമ്പ് ആവശ്യമാണ്.
കാരണം അവരുടെ ശരീരം വേഗത്തിൽ വളരുന്നു. കുട്ടിക്കാലത്ത്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ അളവിൽ ഇരുമ്പ് ആവശ്യമാണ് – 4 മുതൽ 8 വയസ്സ് വരെ പ്രതിദിനം 10 മില്ലിഗ്രാം, 9 മുതൽ 13 വയസ്സ് വരെ പ്രതിദിനം 8 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
ഓരോ മാസവും ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാൽ സ്ത്രീകൾക്ക് കൂടുതൽ ഇരുമ്പ് ആവശ്യമാണ്. അതുകൊണ്ടാണ് 19-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിദിനം 18 മില്ലിഗ്രാം ഇരുമ്പ് ലഭിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ധാരാളം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വിളർച്ചയെ മറിക്കടക്കാനാകും. ഇലക്കറികൾ, പയർ, പരിപ്പ്, കടല, സോയാബീൻ, മുട്ട തുടങ്ങിയവയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകൾ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കപ്പലണ്ടി, വാൾനട്ട്, പിസ്ത, ബദാം, കശുവണ്ടി തുടങ്ങിയവ കഴിക്കുന്നത് വിളർച്ച അകറ്റി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
അയണിന്റെ കുറവുള്ളപ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം?
അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. ഇത്തരം ക്ഷീണത്തെ നിസാരമായി കാണേണ്ട.
തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.
വിളറിയ ചര്‍മ്മവും നഖങ്ങളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിന്‍റെ ലക്ഷണങ്ങളാകാം.
ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്‍റെ കുറവ് മൂലം ഉണ്ടാകാം.
കാലും കൈയുമൊക്കെ തണുത്തിരിക്കുന്നതും അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം.
തലമുടി കൊഴിച്ചില്‍, തലമുടി വരണ്ടതാകുക തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാണ്