കോഴിക്കോട്: ക്രിമിനലുകൾക്ക് സിപിഐഎം മാന്യത നൽകുകയാണ്. പ്രതികൾ ബോംബുണ്ടാക്കാൻ സ്പെഷലിസ്റ്റുകളാണെന്നും പ്രതികൾ കൊടിസുനിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളുണ്ടെന്നും വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പാനൂർ സ്ഫോടനത്തിൽ പ്രതികരിക്കുകയായിരുന്നു. സിപിഐഎം അക്രമരാഷ്ട്രീയം ഉപേക്ഷിക്കുന്നില്ലെന്ന് ഷാഫി കുറ്റപ്പെടുത്തി.
ബോംബ് തിരഞ്ഞെടുപ്പ് സാമഗ്രിയാക്കുന്നതെങ്ങനെ? ബോംബ് എന്തിനായിരുന്നു? ബോംബുണ്ടാക്കാൻ പാർട്ടി നിർദേശിച്ചത് എന്തിനാണെന്നും ഷാഫി ചോദിച്ചു. നാളെ തന്റെ പര്യടനം നടക്കേണ്ട മേഖലയിലാണ് സ്ഫോടനം നടന്നത്. പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ട്. വോട്ടിന് ബോംബിനേക്കാൾ പ്രഹരശേഷിയുണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്നും വ്യക്തമാക്കി.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്. ഇതിനിടെ സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെടുത്ത പൊട്ടാത്ത ബോംബുകൾ നിർവ്വീര്യമാക്കുകയാണ്.
അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. സ്ഫോടനത്തിൽ ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്.