കൊച്ചി: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വാഹന രജിസ്ട്രേഷൻ കേസിൽ തിരിച്ചടി. സുരേഷ് ഗോപിക്ക് പ്രതിയായ പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി എറണാകുളം എസിജെഎം കോടതിയെ സമീപിച്ചു. പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തു. ഇതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. കേസിൻ്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കും.
2010, 2016 വർഷങ്ങളിൽ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകൾ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു എന്നതായിരുന്നു കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം.
പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻ്റിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന വ്യാജ വിലാസമുണ്ടാക്കിയ വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തതാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിൻ്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കും. അതേസമയം കേസിൽ സുരേഷ് ഗോപി നേരത്തെ ജാമ്യം ലഭിച്ചിരുന്നു.