രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. തൊഴിൽ, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകിയ പ്രതികയാണ് ഇക്കുറി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പത്രിക അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയഗാന്ധി, രാഹുൽ ഗാന്ധി, പി ചിദംബരം, കെ സി വോണുഗോപാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക പുറത്തിറക്കിയത്.
താങ്ങ് വില നിയമവിധേയമാക്കും. ഇലക്ട്രൽ ബോണ്ടിലും, പിഎം കെയർ ഫണ്ടിലും അന്വേഷണം കൊണ്ടുവരും. പെഗാസെസ്, നോട്ട് നിരോധനം, റഫാൽ അഴിമതികളിലും അന്വേഷണം. പുതിയ ജിഎസ്ടി നിയമം കൊണ്ടുവരും. പഞ്ചായത്തുകൾക്കും, മുനിസിപ്പാലിറ്റികൾക്കും ജിഎസ്ടി വിഹിതം ലഭ്യമാക്കും. ആന്ധ്രക്ക് പ്രത്യേക പദവിയും പുതുച്ചേരിക്ക് സംസ്ഥാന പദവിയും നൽകും. അങ്ങനെ നീളുന്നു വാഗ്ദാനങ്ങൾ.
നീതിയുടെ അടിസ്ഥാനത്തിലുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയത്. ‘ന്യായ് പത്ര’ എന്നാണ് പാർട്ടിയുടെ ഇത്തവണത്തെ പ്രകടന പത്രികയുടെ പേര്. ‘പാഞ്ച് ന്യായ്’, ‘പച്ചീസ് ഗ്യാരൻ്റി’ എന്നതാണ് പത്രികയുടെ വിശാല പ്രമേയം. രാജ്യവ്യാപകമായി സാമൂഹിക-സമ്പത്തിക, ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി പ്രകടനപത്രികയിൽ പറയുന്നു.
ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാൻ ശ്രമിക്കുന്നവർക്കും അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്കും ഇടയിലുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾ, വനിതകൾ, കർഷകർ, തുല്യത തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയ പ്രകടനപത്രികയാണ് പുറത്തിറക്കിയതെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തെ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ പൗരത്വ നിയമത്തെ കുറിച്ച് പത്രികയിൽ പരാമർശമില്ല.
ബിജെപിയുടെ പുതിയ വിദ്യാഭ്യാസ നയം സർക്കാരുകളുമായി കൂടിയാലോചിച്ച് ഭേദഗതി ചെയ്യും. പൊതു വിദ്യാലയങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് പ്രത്യേക ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും പാവപ്പെട്ടവർക്കായി മഹാലക്ഷ്മി പദ്ധതിയും അവതരിപ്പിക്കും. കുടുംബത്തിലെ മുതിർന്ന വനിത അംഗത്തിൻ്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ നൽകും. 2025 മുതൽ കേന്ദ്ര സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
- പാർട്ടി രാജ്യവ്യാപകമായി സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തും.എസ്‌സി, എസ്‌ടി, ഒബിസി നിയമന പരിധി 50 ശതമാനം ഉയർത്തുന്നതിനുള്ള ഭരണഘടന ഭേദഗതി പാസ്സാക്കും
- കേന്ദ്ര സർക്കാറിൻ്റെ വിവിധ തലങ്ങളിൽ ഒഴിവുള്ള 30 ലക്ഷം നിയമനം
- രാജസ്ഥാൻ മാതൃകയിലുള്ള 25 ലക്ഷം പണരഹിത ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുന്നു
- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ കുടുംബങ്ങളിൽ നിന്നുള്ളവർക്കും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ 10 ശതമാനം സംവരണം
- സായുധസേനയിൽ അഗ്‌നിപഥ് നിർത്തലാക്കി സാധാരണ രീതിയിലുള്ള റിക്രൂട്ട്‌മെൻ്റ് സംവിധാനം പുനരാരംഭിക്കും
- 25 വയസിന് താളെയുള്ള എല്ലാ ഡിപ്ലോമ, ബിരുദധാരികൾക്കും അപ്രാൻ്റീസ് സേവനം
- നിർധനർക്ക് ജോലി ഉറപ്പാക്കുന്ന നഗര തൊഴിൽ പദ്ധതി
- 2025 മുതൽ കേന്ദ്ര സർക്കാർ നിയമനത്തിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം
- ജമ്മു സർക്കാരിന് പൂർണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കും
- ബിജെപിയിൽ ചേർന്ന ശേഷം നിയമ നടപടികളിൽ നിന്ന് രക്ഷപ്പെട്ട വ്യക്തികൾക്കെതിരെ പുനരന്വേഷണം
- സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാർവൽക്കരണം അവസാനിപ്പിക്കും. അത്തരം നിയമങ്ങൾ ക്രമപ്പെടുത്തും
- നിർധനരായ കുടുംബത്തിന് വർഷം ഒരു ലക്ഷം നൽകുന്ന മഹാലക്ഷ്മി പദ്ധതി
- 2024 മാർച്ചുവരെയുള്ള വിദ്യാഭ്യാസ വായ്പയുടെ എല്ലാ പലിശകളും എഴുതിത്തള്ളും
- ദേശീയ മിനിമം പ്രതിദിന വേതനം 400 രൂപയാക്കും
- സ്വവർഗ നിയമം നിയമപരമാക്കും
- കർഷകർക്ക് താങ്ങുവില നിയമപരമാക്കും