ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്റസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചതായും സുപ്രിംകോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും ഇതു സംബന്ധിച്ച് ഉത്തർപ്രദേശ്, കേന്ദ്ര സർക്കാരുകൾക്കും മദ്രസ ബോർഡിനും നോട്ടിസ് അയച്ചെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജൂലൈയിൽ ഹർജി വീണ്ടും പരിഗണിക്കും.
2004ലെ യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ നിയമമാണ് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ മാസം റദ്ദാക്കിയത്. നിയമം മതേതരത്വത്തിന്റെ തത്വം ലംഘിക്കുന്നതിനാൽ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ ഹൈക്കോടതി, മദ്രസ വിദ്യാർഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ സർക്കാരിനോടു നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ മദ്രസ ബോർഡിന്റെ ലക്ഷ്യങ്ങൾ നിയന്ത്രണ സ്വഭാവമുള്ളതാണെന്നും ബോർഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷതയെ ബാധിക്കില്ലെന്നും പറഞ്ഞാണ് സുപ്രീം കോടതി വെള്ളിയാഴ്ച ഇതു തടഞ്ഞത്.
സംസ്ഥാനത്തെ മദ്രസകളുടെ സര്‍വേ നടത്താന്‍ ബിജെപി ഗവണ്‍മെന്റ് തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു ഹൈക്കാടതിയുടെ വിധി വന്നത്. മദ്റസ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെ നിരവധി പേരുടെ വിദ്യാഭ്യാസവും ജോലിയും അനിശ്ചിതത്വത്തിലായിരുന്നു. മദ്റസ നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും 14 വയസ്സ് വരെയോ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു അലഹാബാദ് ഹൈക്കോടതി അന്ന് വിധി പറഞ്ഞത്.