പട്ന: ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് കരുത്തേകി മുകേഷ് സാഹനിയുടെ പാര്‍ട്ടിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടി (വിഐപി) മഹാസഖ്യത്തില്‍ ചേര്‍ന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുകേഷ് സാഹനിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു.
‘ലാലു പ്രസാദ് യാദവിന്റെ ആശയങ്ങളോട് വിശ്വാസംപുലര്ത്തുന്നവരാണ് ഞങ്ങള്‍. ബിജെപി ഞങ്ങളുടെ നേതാക്കളെ തട്ടിയെടുക്കാനും പാര്‍ട്ടിയെ ഇല്ലാതാക്കാനും ശ്രമിച്ചു’ മുകേഷ് സാഹനി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിഐപി മത്സരിക്കും. ആര്‍ജെഡിയുടെ ക്വാട്ടയില്‍ നിന്നാകും വിഐപിക്ക് സീറ്റുകള്‍ നല്‍കുകയെന്ന് തേജസ്വി യാദവ് അറിയിച്ചു. ഗോപാല്‍ഗഞ്ച്, ഝഞ്ജര്പുര്, മോത്തിഹാരി എന്നീ സീറ്റുകളിലാണ് വിഐപി മത്സരിക്കുക.
ബിഹാര്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. ഞെട്ടിപ്പിക്കുന്ന ഫലമായിരിക്കും ബിഹാര്‍ നല്‍കുകയെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.