കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. പാനൂരിൽ സ്ഫോടനമുണ്ടായ ബോംബ് നിർമാണ സംഘവുമായി പാർട്ടിക്കും തനിക്കും ബന്ധമില്ലെന്ന് ശൈലജ പ്രതികരിച്ചു.
പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനൊപ്പമുള്ള ചിത്രം പ്രചരിക്കുന്നതിലും ശൈലജ പ്രതികരിച്ചു. പല പരിപാടികളിലും പലരും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്ന് ശൈലജ പറഞ്ഞു. പാർട്ടിക്കും തനിക്കും പ്രതികളുമായി ബന്ധമില്ല. അവർക്ക് സി.പി.എമ്മിനേക്കാൾ മറ്റ് പലരുമായുമാണ് ബന്ധം. അത് എന്തെന്ന് താൻ ഇപ്പോൾ പറയുന്നില്ല. യു.ഡി.എഫിന് മറ്റൊന്നും പറയാൻ ഇല്ലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
പാനൂർ സ്ഫോടനം തീർത്തും അപ്രതീക്ഷിതമാണെന്നും സംഘർഷങ്ങൾ ഇല്ലാത്ത സ്ഥലത്താണ് സ്ഫോടനം ഉണ്ടായതെന്നും മുതിർന്ന സി.പി.എം. നേതാവ് ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പാർട്ടിക്ക് ബന്ധമോ ഉത്തരവാദിത്തമോ ഇല്ല. പാർട്ടി അകറ്റി നിർത്തിയവരാണ് സ്ഫോടനത്തിൽ അകപ്പെട്ടത്. ഇത് സി.പി.എമ്മിൻ്റെ തലയിൽ കെട്ടി വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പാനൂര്‍ സ്ഫോടനത്തില്‍ സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു. പുരോഗമനം പ്രസംഗിക്കുമ്പോഴും സി പി എം വാളും ബോംബും ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് പാനൂരിലുണ്ടായത്. ഒരു തെരഞ്ഞെടുപ്പിന് മുൻപ് എന്തിനാണ് ബോംബ് തെരഞ്ഞെടുപ്പ് സാമഗ്രിയായി സിപിഎം ഉപയോഗിക്കുന്നത്? എന്ത് കാര്യത്തിന് ആണ് ബോംബ് ഉണ്ടാക്കിയതെന്ന് സി പി എം വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. യു ഡി എഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. ആരെയാണ് ലക്ഷ്യം വെച്ചതെന്ന് സി പി എം വ്യക്തമാക്കണം. കരുതലും സ്നേഹവും പോസ്റ്ററിലും ഫ്ലക്സിലും പോരെന്നും ഷാഫി വിമർശിച്ചു.