തിരുവനന്തപുരം: കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ അപര സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളി. എതിര്‍പ്പുമായി യുഡിഎഫ് രംഗത്തുവരികയും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അപരന്മാരുടെ നാമനിര്‍ദേശപത്രിക തള്ളിയത്. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്.
നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടവരെ ഹാജരാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചത് ജില്ല വരണാധികാരിയായ കളക്ടര്‍ അംഗീകരിച്ചില്ല. ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കോടതിയെ സമീപിക്കുമെന്ന് അപര സ്ഥാനാര്‍ഥികളുടെ അഭിഭാഷകര്‍ അറിയിച്ചു.
ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരിൽ ഒരാൾ സിപിഐഎം പ്രവർത്തകനായിരുന്നു. പരാജയഭീതിയാണ് എൽഡിഎഫിനെന്നായിരുന്നു ഫ്രാൻസിസ് ജോർജിന്റെ പ്രതികരണം.
ഫ്രാൻസിസ് ജോർജിന് പുറമേ മിക്ക സ്ഥാനാർത്ഥികൾക്കും അപരന്മാരുണ്ട്. വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അതേ പേരിൽ ഒരു അപരൻ, കൂടാതെ ബി എസ് പി സ്ഥാനാർഥിയുടെ പേരും ഷാഫി. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്ക് ആവട്ടെ ശൈലജ കെ, ശൈലജ കെ.കെ , ശൈലജ പി എന്നിങ്ങനെ മൂന്ന് അപരർ.