തിരുവനന്തപുരം: സുഗന്ധഗിരി മരംമുറിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി. സജിപ്രസാദിനും എം.കെ. വിനോദ്കുമാറിനും സസ്പെന്‍ഷന്‍. അനധികൃത മരംമുറി ശ്രദ്ധയില്‍പ്പെട്ടിട്ടും തടയുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ഇവര്‍ ചെയ്തില്ല. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
1986 ല്‍ വയനാട് പൊഴുതനയില്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കര്‍ ഭൂമിയിലാണ് വെണ്‍തേക്ക്, അയിനി, പാല, ആഫ്രിക്കന്‍ ചോല തുടങ്ങിയ വിഭാഗത്തില്‍ പെട്ട നൂറോളം വന്‍ മരങ്ങള്‍ മുറിച്ചത്. അനധികൃത മരംമുറി വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണെന്ന് ഭൂവുടമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീടിന് ഭീഷണിയായിരുന്ന പത്ത് മരങ്ങള്‍ മുറിക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍, ഈ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനൊപ്പം ഭീഷണിയാകാത്ത മരങ്ങളും മുറിച്ചുവെന്നും ഭൂവുടമ പറഞ്ഞിരുന്നു.
കേസ് അന്വേഷിക്കാനായി നാലംഗ സമിതിയെ കഴിഞ്ഞ ദിവസം സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കോട്ടയം വനം വിജിലൻസ് മേധാവി അദ്ധ്യക്ഷനായുള്ള സമിതിക്കാണ് അന്വേഷണ ചുമതല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മുട്ടിൽ മരംമുറിക്കു ശേഷം വനം വകുപ്പിന് കളങ്കമുണ്ടാക്കുന്ന തരത്തിലാണ് സുഗന്ധഗിരി മരം മുറി നടന്നത്.