ഹൈദരാബാദ്: ചെന്നൈക്കെതിരെ ആധികാരിക ജയവുമായി ഹൈദരാബാദ്. ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. 12 പന്തില്‍ നിന്നും 37 റണ്‍സെടുത്ത അഭിഷേക് ശര്‍മ, 36 പന്തില്‍ 50 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം, 24 പന്തില്‍ 31 റണ്‍സെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് ഹൈദരാബാദിന്റെ വിജയം ഉറപ്പാക്കിയത്. നാലുമത്സരങ്ങളില്‍ നിന്നും ഹൈദരാബാദിന്റെ രണ്ടാം ജയവും ചെന്നൈയുടെ രണ്ടാം തോല്‍വിയുമാണിത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ശിവം ദുബെയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
നാലാം ഓവറില്‍ രചിന്‍ രവീന്ദ്രയെ എയ്ഡന്‍ മാര്‍ക്രമിന്റെ കൈകളിലേക്ക് നല്‍കി ഭുവനേശ്വര്‍ കുമാറാണ് ചെന്നൈ ഇന്നിങ്‌സിന് ആദ്യം ഇളക്കം തട്ടിച്ചത്. ഒന്‍പത് പന്തില്‍ 12 റണ്‍സാണ് രചിന്‍ നേടിയത്. ടീം സ്‌കോര്‍ 54-ല്‍ നില്‍ക്കേ, ശഹ്ബാസ് അഹ്‌മദിന്റെ പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും പുറത്തായി (21 പന്തില്‍ 26). പിന്നാലെ അജിങ്ക്യ രഹാനെയും ശിവം ദുബെയും ചേര്‍ന്ന് 65 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്റെ പന്തില്‍ അലക്ഷ്യമായി ബാറ്റുവെച്ച ദുബെ, ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലെത്തി മടങ്ങി (24 പന്തില്‍ 45). നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെട്ട ദുബെയുടെ പ്രഹരം ചെന്നൈ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. തൊട്ടടുത്ത ഓവറില്‍ ജയദേവ് ഉനദ്കട്ടിന്റെ പന്തില്‍ മാര്‍ക്കണ്ഡെയ്ക്ക് ക്യാച്ച് നല്‍കി അജിങ്ക്യ രഹാനെയും പുറത്തായി (30 പന്തില്‍ 35).
രവീന്ദ്ര ജഡേജ പുറത്താവാതെ 31 (23) റണ്‍സ് നേടി. ഡരില്‍ മിച്ചലിനെ 13 (11) നടരാജന്‍ അബ്ദുല്‍ സമദിന്റെ കൈകളിലെത്തിച്ച് മടക്കി. മൂന്ന് പന്ത് ബാക്കിയിരിക്കേ ക്രീസിലെത്തിയ ധോനി, രണ്ട് പന്ത് നേരിട്ട് ഒരു റണ്‍ നേടി പുറത്താവാതെ നിന്നു
നാലോവറില്‍ 28 റണ്‍സ് മാത്രം വിട്ടുനല്‍കിയ ഭുവന്വേശര്‍ കുമാര്‍, 29 റണ്‍സ് വീതം നല്‍കിയ ജയ്‌ദേവ് ഉനദ്കട്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഹൈദരാബാദ് ബൗളിങ്ങിനെ നയിച്ചത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മറുപടി ബാറ്റിംഗില്‍ ദീപക് ചാഹറിന്‍റെ രണ്ടാം പന്തില്‍ ഇംപാക്ട് പ്ലെയറും ഓപ്പണറുമായ ട്രാവിസ് ഹെഡിനെ സ്ലിപ്പില്‍ മൊയീന്‍ അലി വിട്ടുകളഞ്ഞു. ഇതേ ഓവറിലെ അവസാന പന്തില്‍ സിക്സുമായി തുടങ്ങിയ സഹ ഓപ്പണർ അഭിഷേക് ശർമ്മ തൊട്ടടുത്ത ഓവറില്‍ നാല് സിക്സറുകളോടെ മുകേഷ് ചൗധരിയെ 27 റണ്ണടിച്ചു. തൊട്ടടുത്ത ഓവറില്‍ ചാഹറിനെയും അഭിഷേക് ശിക്ഷിച്ചെങ്കിലും നാലാം പന്തില്‍ രവീന്ദ്ര ജഡേജയുടെ ക്യാച്ചില്‍ മടങ്ങേണ്ടിവന്നു. 12 പന്തില്‍ മൂന്ന് ഫോറും നാല് സിക്സുകളും സഹിതം 37 റണ്‍സാണ് അഭിഷേക് ശർമ്മ അടിച്ചുകൂട്ടിയത്. പതറാതെ ട്രാവിസ് ഹെഡ്- ഏയ്ഡന്‍ മാർക്രം സഖ്യം 9-ാം ഓവറില്‍ ടീമിനെ 100 കടത്തി.
എങ്കിലും തൊട്ടടുത്ത ഓവറില്‍ മഹീഷ് തീക്ഷന ഡീപ് ബാക്ക്‍വേഡ് സ്ക്വയറില്‍ ഹെഡിനെ രചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചു. 24 ബോളില്‍ 31 റണ്‍സാണ് ഹെഡ് നേടിയത്. അർധസെഞ്ചുറി നേടിയ മാർക്രമിനെയും (36 പന്തില്‍ 50) മടക്കാന്‍ ചെന്നൈക്കായി. മൊയീന്‍ അലിക്കായിരുന്നു വിക്കറ്റ് വൈകാതെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ഷഹ്ബാസ് അഹമ്മദിനെയും (19 പന്തില്‍ 18) എല്‍ബിയില്‍ അലി മടക്കി. എന്നാല്‍ ഹെന്‍റിച്ച് ക്ലാസനും (11 പന്തില്‍ 10*), നിതീഷ് റെഡ്ഡിയും (8 പന്തില്‍ 14*) വിജയമുറപ്പിച്ചു.