കൊച്ചി: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. എംഎം വര്‍ഗീസിന്റെ ഫോണ്‍ പിടിച്ചെടുത്തു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് തേടിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ സിപിഐഎമ്മിന് ബാങ്കില്‍ അനധികൃത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇഡിയുടെ കത്തിനെ തുടര്‍ന്ന് ഇന്‍കം ടാക്‌സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
തൃശൂരിലെ പൊതുമേഖലാ ബാങ്കിലും ഐടി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇതുസംബന്ധിച്ചു പാർട്ടി ജില്ലാ സെക്രട്ടറിക്ക് അറിയാവുന്ന വിവരങ്ങൾ ശേഖരിക്കാനാണ് ഐടി ഉദ്യോഗസ്ഥർ ഇ.ഡി ഓഫിസിൽ നേരിട്ട് എത്തിയത്. സിപിഎം പിൻവലിച്ച തുക എത്രയാണെന്നു വെളിപ്പെടുത്താൻ ഐടി ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
കരുവന്നൂർ ബാങ്ക് കേസിൽ ഇ.ഡിയും വർഗീസിന്റെ മൊഴി രേഖപ്പെടുത്തി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട പരാതി അന്വേഷിച്ച സിപിഎം പാർട്ടി കമ്മിഷൻ അംഗം പി.കെ.ഷാജന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. പാർട്ടി കമ്മിഷനെ നയിച്ച മുൻ എംപി പി.കെ.ബിജുവിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.