മൊബൈൽ ഫോണുകൾ വഴിയുള്ള ബാങ്ക് ഇടപാടുകൾ സുഗമമാക്കുന്ന തത്സമയ പേയ്മെൻ്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) വഴി ഇനി ഉടൻ ബാങ്കുകളിൽ പണം നിക്ഷേപിക്കാം. യുപിഐ വഴി ബാങ്കുകളിൽ പണം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഉടൻ സുഗമമാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. പദ്ധതി നടപ്പായാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യു.പി.ഐ വഴി പണം ഡിപ്പോസിറ്റ് മെഷീനുകളിൽ നിക്ഷേപിക്കാം.
ഇതിനു പുറമെ യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി മൊബൈൽ വാലറ്റ്, ഇ-ഗിഫ്റ്റ് കാർഡ് പോലുള്ള പ്രീപെയ്ഡ് പേമെൻറ് ഇൻസ്ട്രുമെൻറുകൾ (പി.പി.ഐ) ലിങ്ക് ചെയ്യാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇത് സാധ്യമായാൽ ബാങ്ക് അക്കൗണ്ട് പോലെ മൊബൈൽ വാലറ്റ് ഉപയോഗിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതു സംബന്ധിച്ച നിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ദ്വിമാസ ധനനയം പ്രഖ്യാപിക്കുന്നതിനിടെ ആർ.ബി.ഐ ഗവർണർ പറഞ്ഞു.