മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് 10 സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 8 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 14 പേരും പൊന്നാനി മണ്ഡലത്തില്‍ 11 പേരുമാണ് പത്രിക നല്‍കിയിരുന്നത്. വിവിധ സ്ഥാനാര്‍ഥികളുടെ ഡമ്മികളുള്‍പ്പെടെ മലപ്പുറത്ത് നാല് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു.
മലപ്പുറം മണ്ഡലത്തില്‍ വസീഫ്(സി.പി.ഐ.എം), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍സലാം എം (ബി.ജെ.പി), നാരായണന്‍ പി (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), തൃശൂര്‍ നസീര്‍ (സ്വതന്ത്രന്‍), കൃഷ്ണന്‍ (ബി.എസ്.പി), എന്‍. ബിന്ദു (സ്വതന്ത്ര), അബ്ദുല്‍ സലാം (സ്വതന്ത്രന്‍), നസീഫ് അലി മുല്ലപ്പള്ളി (സ്വതന്ത്രന്‍), നസീഫ് പി.പി (സ്വതന്ത്രന്‍) എന്നിവരുടെ പത്രികയാണ് സ്വീകരിച്ചത്. നാമനിര്‍ദേശ പത്രികയോടൊപ്പം അഫിഡവിറ്റ് സമര്‍പ്പിക്കുകയും തുക കെട്ടിവെക്കുകയും ചെയ്യാത്തതിനാല്‍ ശ്രീധരന്‍ കള്ളാടികുന്നത്തിന്റെ പത്രിക വരണാധികാരിയായ ജില്ലാ കളക്ടര്‍ തള്ളി. പാര്‍ട്ടികളുടെ പ്രധാന സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം (ഡെമ്മി) സ്ഥാനാര്‍ഥികളായ അബ്ദുള്ള നവാസ് (സിപി.ഐ.എം.), രശ്മില്‍നാഥ് (ബി.ജെ.പി), അന്‍വര്‍ സാദത്ത് (ഐ.യു.എം.എല്‍) എന്നിവരുടെ പത്രികകളും തള്ളി.
പൊന്നാനി മണ്ഡലത്തില്‍ എം.പി അബ്ദുസ്സമദ് സമദാനി (ഐ.യു.എം.എല്‍), ഹംസ (സി.പി.ഐ.എം), കെ.വി വിനോദ് (ബി.എസ്.പി), ബിന്ദു (സ്വതന്ത്ര), ഹംസ കടവണ്ടി (സ്വതന്ത്രന്‍), നിവേദിത (ബി.ജെ.പി), ഹംസ (സ്വതന്ത്രന്‍), അബ്ദുസ്സമദ് (സ്വതന്ത്ര്യന്‍) എന്നിവരുടെ പത്രികയും സ്വീകരിച്ചു. പാര്‍ട്ടികളുടെ പ്രധാന സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം (ഡെമ്മി) സ്ഥാനാര്‍ഥികളായ അഷ്റഫ് കോക്കൂര്‍ (ഐ.യു.എം.എല്‍), ശങ്കു ടി ദാസ് (ബി.ജെ.പി), സാനു (സി.പി.ഐ.എം) എന്നിവരുടെ പത്രികകള്‍ തള്ളി.
Read more : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നാല് വർഷത്തോളമായി ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
മലപ്പുറം മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദിന്റെയും പൊന്നാനി മണ്ഡലം വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ കെ. മണികണ്ഠന്റെയും നേതൃത്വത്തില്‍ നടന്ന സൂക്ഷ്മപരിശോധനകളില്‍ സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്രികകള്‍ ഏപ്രില്‍ എട്ടുവരെ പിന്‍വലിക്കാം. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നമനുവദിക്കുന്നത് ഏപ്രില്‍ എട്ടിന് വൈകീട്ട് മൂന്നിനായിരിക്കും. അതോടെ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.