മലയാളസിനിമയിൽ നിന്നും വീണ്ടും ഒരു ചരിത്രനേട്ടം സ്വന്തമാക്കി ആടുജീവിതം. തിയറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറുന്ന ഈ ചിത്രം വെറും ഒൻപത് ദിവസങ്ങൾ കൊണ്ട് ആഗോളകളക്ഷനിൽ നൂറുകോടി എന്ന അപൂർവനേട്ടമാണ് കൈവരിച്ചത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഈ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി.
ആടുജീവിതത്തിന്റെ 100 കോടി നേട്ടത്തേക്കുറിച്ച് കഴിഞ്ഞദിവസംതന്നെ ഫിലിം ട്രാക്കർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം. 2018 ആണ് 100 കോടി കളക്ഷൻ നേടിയ വേഗതയിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് എന്നിവ പന്ത്രണ്ടും പ്രേമലു മുപ്പത്തൊന്നും പുലിമുരുകൻ മുപ്പത്താറ് ദിവസവുമെടുത്താണ് 100 കോടി ക്ലബിലേക്കെത്തിയത്.
100 Cr and counting at the Global Box Office! Thank you for this unprecedented success! ❤️🙏 #Aadujeevitham #TheGoatLife @DirectorBlessy @benyamin_bh @arrahman @Amala_ams@Haitianhero @rikaby @resulp @iamkrgokul @HombaleFilms @AAFilmsIndia @PrithvirajProd @RedGiantMovies_… pic.twitter.com/6H1gynVIJ6
— Prithviraj Sukumaran (@PrithviOfficial) April 6, 2024
പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് ആടുജീവിതം. മലയാളത്തിൽ ഏറ്റവും വേഗമേറിയ 50 കോടി കളക്ഷനും ആടൂജീവിതത്തിന് അവകാശപ്പെട്ടതാണ്. 2024-ൽ നൂറുകോടി കളക്ഷൻ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ഇതിൽ 220 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ.
സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിച്ചത്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റുതാരങ്ങൾ. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.
Read also: റെജീസ് ആൻ്റെണിയുടെ സ്വർഗം ആരംഭിച്ചു