2014 മുതല്‍ പത്തു വര്‍ഷം മുമ്പ് ബി.ജെ.പിയില്‍ ചാടിയ അഴിമതി ആരോപണം നേരിട്ട പ്രതിപക്ഷ നേതാക്കളില്‍ 23 പേരെ വെളുപ്പിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ടിരുന്ന ഇന്‍ഡി മുന്നണിയിലെ 25 പ്രമുഖ നേതാക്കളാണ് 2014ല്‍ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് ചാടിപ്പോയത്. ഇനി രണ്ടു നേതാക്കളുടെ അഴിമതി കേസുകള്‍ മാത്രമേ ഒതുക്കി തീര്‍ക്കാനുള്ളൂ.
ഇതും ഉടന്‍ പരിഹരിക്കപ്പടുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് 10, എന്‍സിപി, ശിവസേന എന്നീ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് 4 വീതവും, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 3 പേരും, ടി.ഡി.പിയില്‍ നിന്ന് 2 പേരും, സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും വൈഎസ്ആര്‍സിപിയില്‍ നിന്നും ഓരോരുത്തരുമാണ് ചാട്ടക്കാര്‍. ഈ നേതാക്കള്‍ക്കെതിരെയുള്ള 3 കേസുകള്‍ പൂര്‍ണ്ണാമയും അവസാനിപ്പിച്ചു.
20 കേസുകള്‍ നിശ്ചലമാക്കുകയോ, കോള്‍ഡ് സ്റ്റോറേജിലോ ആക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പട്ടികയിലുള്ള ഇതില്‍ 6 പേര്‍ 2024ലെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ബി.ജെ.പിയിലേക്ക് ചാടിയ നേതാക്കളാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇ.ഡിയും, സി.ബി.ഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടിയെടുത്ത പ്രമുഖ രാഷ്ട്രീയക്കാരില്‍ 95 ശതമാനവും പ്രതിപക്ഷത്തില്‍ നിന്നുള്ളവരാണെന്നത് പാര്‍ട്ടി ചാടാനുള്ള ഭീഷണിയായിരുന്നു എന്നാണ് വിലയിരുത്തല്‍.
എന്‍.ഡി.എ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കേസുകള്‍ വെളുപ്പിച്ചതിന്റെ കണക്കുകള്‍ പുറത്തു വരുന്നത്. അഴിമതി ആരോപണക്കാര്‍ ബി.ജെ.പിയില്‍ ചേരുന്നതോടെ വെളുപ്പിക്കപ്പെടുന്ന പ്രതിഭാസത്തെ വാഷിംഗ് മെഷീന്‍ എന്നാണ് പ്രതിപക്ഷം ആക്ഷേപമുന്നിയിക്കുന്നത്. അഴിമതിക്കാര്‍ക്കെതിരേ ഒരന്വേഷണവുമില്ല. അന്നുവരെ അഴിമതിക്കാരനെന്നു വിളിച്ചവര്‍, കറകളഞ്ഞ രാഷ്ട്രീയക്കാരനെന്ന് പുകഴ്ത്താന്‍ തുടങ്ങുന്നു.
ഇതാണ് വാഷിംഗ് മെഷീന്‍ എന്ന പ്രതിഭാസത്തിന്റെ മറ്റൊരു തലം. ബി.ജെ.പിക്കെതിരേയും എന്‍.ഡി.എക്കെതിരേയും സന്ധിയില്ലാ സമരം ചെയ്തിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും അഴിമതിക്കേസുകളില്‍ ഇഡി അന്വേഷണത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുകയാണ്. ഈ ഘട്ടത്തിലാണ് അഴിമിക്കാരെ വെളുപ്പിച്ച കണക്കുകള്‍ പ്രസക്തമാകുന്നത്.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹി രാംലീല മൈതാനിയില്‍ കഴിഞ്ഞ മാസം 31ന് ‘ലോകതന്ത്ര ബച്ചാവോ’ എന്ന പേരില്‍ ഇന്‍ഡി ബ്ലോക്കിലെ പ്രധാന പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്ത മഹാറാലി നടന്നിരുന്നു. ഈ റാലിയില്‍ അരവിന്ദ് കെജ്രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ തിരഞ്ഞെടുപ്പു കമ്മീഷനും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
കൂടാതെ, സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികള്‍ വളരെ ദുര്‍ബലമായി എന്ന് വിശ്വസിക്കുന്നു. ഈ ഏജന്‍സികള്‍ ദേശീയ സുരക്ഷയും രാജ്യത്തിനെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങളും സംബന്ധിച്ച വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
അഴിമതി ആരോപണം വെളുപ്പിക്കപ്പെട്ട പ്രമുഖനേതാക്കളില്‍ പ്രധാനികള്‍ ഇവരാണ്. 2023ല്‍ എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പി സഖ്യമായ എന്‍.ഡി.എയില്‍ ചേര്‍ന്ന അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍. 2015ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ഹേമന്ത് ബിശ്വ ശര്‍മ്മ. 2019ല്‍ എസ്.പിയില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന സഞ്ജയ് സേത്ത്. 2020ല്‍ ടി.എം.സിയില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി.
2023ല്‍ എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേര്‍ന്ന ഛഗന്‍ ഭുജ്ബല്‍. എന്നിവരാണ്. 2024ലെ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് ബി.ജെ.പിയിലേക്ക് ചാടിയവര്‍ ഇവരാണ്. അശോക് ചവാന്‍, നവീന്‍ ജിന്‍ഡാല്‍, ഗീത കോഡ, ബാബ സിദ്ദിഖി എന്നിവരാണ്. നാലു പേരും കോണ്‍ഗ്രസ്സില്‍ നിന്നുമാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
എന്‍സിപി വിഭാഗത്തിലെ രണ്ട് ഉന്നത നേതാക്കളായ അജിത് പവാറും പ്രഫുല്‍ പട്ടേലും നേരിട്ട കേസുകള്‍ അവസാനിപ്പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ട്. ബി.ജെ.പി ചാട്ടത്തില്‍ ഉള്‍പ്പെട്ട 25 പേരുടെ പട്ടികയില്‍ മഹാരാഷ്ട്രയില്‍ നിന്നും 12 പ്രമുഖ നേതാക്കളുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ തന്റെ അമ്മാവന്‍ ശരദ് പവാര്‍ സ്ഥാപിച്ച എന്‍.സി.പി വിഭാഗവുമായി ബന്ധം വിച്ഛേദിച്ച് കഴിഞ്ഞ വര്‍ഷം ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന-ബി.ജെ.പി സര്‍ക്കാരില്‍ ചേരുകയായിരുന്നു.
എന്നാല്‍, എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ 2023ലാണ് എന്‍.ഡി.എയില്‍ ചേരുന്നത്. അജിത് പവാറിന്റെ കേസില്‍ 2020 ഒക്ടോബറില്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് ഫയല്‍ അടയ്ക്കാനുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയതോടെ കേസ് വീണ്ടുംതുറന്നു.
ഒടുവില്‍ 2024 മാര്‍ച്ചില്‍ എന്‍.ഡി.എയില്‍ ചേര്‍ന്നതോടെ കേസ് അവസാനിപ്പിക്കുകയും ചെയ്തു. 2020ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ കേസുകളും ഫ്രീസ ചെയ്യപ്പെട്ടിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശര്‍മ്മ, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവരുടെ കേസുകളും വാഷിംഗ് മെഷീനിലിട്ടു.