ഗതി കിട്ടാത്ത പ്രേതങ്ങൾ അലഞ്ഞു നടക്കുന്ന ഭൂമിയും: 110 പേരുടെ ജീവനെടുത്ത ട്രെയിനും

ചില സ്ഥലങ്ങളിൽ എത്തി ചേരുമ്പോൾ ഒരു ശ്മാശാന മൂകത തോന്നും. ഒരു കാറ്റ് പോലും വീശുന്നില്ലെ? എന്ന ചോദ്യം പലയാവർത്തി നമ്മളോട് തന്നെ ചോദിക്കും. ഈ സ്ഥലമത്ര രഹസ്യമൊന്നുമല്ല. യാത്ര പോകുന്നതിനു മുൻപ് സുഹൃത്ത് ചോദിച്ചത് അവിടെ കാണാൻ എന്താണ് ഉള്ളത്; കടലും നശിച്ച കുറെ കെട്ടിടങ്ങളും മാത്രമല്ലെ ? നശിച്ച കെട്ടിടങ്ങൾക്കും, അനാഥപ്പെട്ട സ്ഥലങ്ങൾക്കും പറയാൻ കാണില്ലേ ഒരുപാട് കഥകൾ?

ഒരു വട്ടം പോയാൽ പിന്നീട് വീണ്ടും പോകുവാൻ തോന്നുന്ന സ്ഥലമാണ് ധനുഷ്‌കോടി. ഏകദേശം 60 വർഷങ്ങളായി ഈ നഗരമൊരു പ്രേതാലയമാണ്. 2020 ൽ ഇവിടേക്ക് വന്നപ്പോൾ ഉള്ള അതെ നഗരം തന്നെയാണ് ഇപ്പോൾ. കാര്യമായ മാറ്റങ്ങളൊന്നുമില്ല. കടൽ കുറച്ചു കയറിയിട്ടുണ്ട്, അത്രമാത്രം.

ഒരു കാലത്ത് ആളുകൾ തിങ്ങി പാർത്തിരുന്ന സ്ഥലമായിരുന്നു ഇവിടം. പൂജാമണികളുടെ ശബ്‌ദവും, കുന്തിരിക്കം പുകയുന്നതിന്റെ ഗന്ധവും ഇവിടുത്തെ പ്രകൃതിക്ക് പരിചിതമായിരിക്കണം.

ഏകദേശം 2000 ത്തിൽ നടുപ്പിച്ചു ജനങ്ങൾ ഇവിടെ താമസിച്ചരുന്നു എന്ന് കണക്കുകൾ പറയുന്നത്. കണക്കിൽപ്പെടാത്ത മനുഷ്യർ വേറെയും. സ്കൂളും, പോസ്റ്റ് ഓഫീസും, റെയിൽവേ സ്റ്റേഷനും അടങ്ങിയ കുഞ്ഞു നഗരമായിരുന്നു ഇത്. ഒരു പക്ഷെ അന്ന് സംഭവിച്ച വലിയ ദുരന്തം നടക്കാതിരുന്നെങ്കിൽ ഈ നാട്ടിലിന്ന് തമിഴും സിംഹളയും കലർന്ന സംസാരങ്ങൾ നമുക്ക് കേൾക്കാമായിരുന്നു.  ലക്ഷ്യത്തോടൊപ്പം തന്നെ അവിടേക്ക് എത്തിച്ചേരുന്ന വഴികളും നമ്മളെ അതിശയിപ്പിച്ചു കൊണ്ടിരിക്കും.

തിരുവനന്തപുരത്ത് നിന്നും രാത്രി 8 15 ന്റെ മധുര എക്സ്പ്രസ്സിലാണ് യാത്ര. ബോർഡർ വിട്ടു കഴിഞ്ഞാൽ നല്ല കാറ്റടിക്കും. ഇരുട്ട് കൂടും തോറും ലൈറ്റുകൾ പ്രക്ഷിച്ചു കൊണ്ടിരിക്കും. നീണ്ട പാടങ്ങളിൽ അങ്ങിങ്ങായി വീടുകൾ ഉണ്ട്.

രാത്രി അതിന്റെ മധ്യത്തിലെത്തിയാൽ കാഴ്ചകൾ അപ്രത്യക്ഷമാകും. പിന്നീട് കാണാൻ കഴിയുന്നത് ഓരോ സ്റ്റേഷനിൽ നിന്നും വെപ്രാളപ്പെട്ട് കയറുന്ന യാത്രക്കാരെയാണ്. സുഖമായി ഒരു ഉറക്കം കഴിയുമ്പോഴേക്കും മധുര എത്തും. മധുര റെയിൽവേ സ്റ്റേഷൻ കാണുമ്പോളെപ്പോഴും ഉറുമ്പുകൾ കൂട്ടം കൂടുന്നത് പോലെ തോന്നും. തിക്കിയും തിരക്കിയും നടന്നു പോകുവാനുള്ള സ്ഥലം മാത്രമേ കാണുകയുള്ളു. അവിടുന്ന് നേരെ രാമേശ്വരം.

രാമേശ്വരത്തേക്കുള്ള യാത്ര എപ്പോഴും ഓർത്തിരിക്കും. നല്ല നീളമുള്ള പനകളും, സൈഡിൽ ഓല മേഞ്ഞ വീടുകളും, ചാണകം തളിച്ച മുറ്റങ്ങളും. അവിടെയും ചൂടിന് കുറവൊന്നുമില്ല. ബെഞ്ചും എടുത്തിട്ട് എല്ലാവരും മുറ്റത്താണ് ഇരുപ്പ്. ഊണും ചായയുമെല്ലാം ഈ മുറ്റത്തു തന്നെ. കിലുക്കാം പെട്ടികൾ പോലെ കുട്ടികൾ അങ്ങിങ്ങായി ഓടി നടക്കും. ഇടയ്ക്കിടെ അമ്മമാരുടെ സ്ഥിരം ഡയലോഗും കേൾക്കാം പാസിക്കവെ ഇല്ലയ?

മധുരയിൽ നിന്നും രാമേശ്വരത്തേക്ക് ട്രെയിൻ ലഭ്യമാണ്. ബസിലും പോകാൻ കഴിയും. അതുമല്ലങ്കിൽ സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കിൽ വണ്ടിയിൽ പോകാം. കാഴ്ചകളോരോന്നും കണ്ടും, നിർത്താൻ തോന്നുന്നിടത്ത് നിർത്തിയും പതുക്കെ പോകാം. പോകുന്ന വഴിയിൽ പാമ്പൻ പാലം മറ്റൊരു ആകർഷണീയ ഘടകമാണ്.

രാമേശ്വരത്തെത്തിക്കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന ഓല മേഞ്ഞ കടയിൽ നിന്നും ദോശയും ചമ്മന്തിയും കഴിക്കാതെ പോകില്ല അവിടുത്തെ രുചി പണ്ടെപ്പോഴോ നാവിൽ പതിഞ്ഞതാണ്. റെയിൽവേ സ്റ്റേഷന്റെ അടുത്തു നിന്നും ധനുഷ്കോടിയിലേക്ക് ബസുകൾ ലഭ്യമാണ്.

നമ്പർ വച്ചാണ് ബസുകൾ വരുന്നത് തമിഴ് വായിക്കാൻ അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കി വേണം ബസിൽ കയറാൻ. പിന്നീട് അവിടെക്കുള്ളത് പെട്ടി ഓട്ടോകളും ജീപ്പുമാണ്. ഒരാൾക്ക് 200 രൂപയാണ് ചാർജ് ചെയ്യുന്നത്. ചിലപ്പോൾ വില വ്യത്യാസപ്പെട്ടേക്കാം

ധനുഷ്‌കോടി

ധനുഷ്ക്കോടിയിലേക്ക് എത്തുന്ന വഴി കണ്ണെത്താ ദൂരത്തോളം ആളനക്കമില്ലാത്തതാണ്. രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്ക് 20 കിലോമീറ്ററാണ് ദൂരം. ഇരുവശവും പരന്നു കിടക്കുന്ന കടല്‍. വലതുവശത്തു ഇന്ത്യൻ മഹാസമുദ്രവും ഇടതുവശത്തു ബംഗാൾ ഉൾക്കടലും. റോഡ് ]അവസാനിക്കുന്നിടത്ത് ഇന്ത്യയും അവസാനിക്കും . ഇവിടെയാണ് ഇന്ത്യയുടെ അവസാനത്തെ സ്ഥലം . ഇവിടെ വച്ച് ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലുംകൂടി ചേരുകയാണ് . ധനുഷ്കോടിയിൽ നിന്നും വെറും 18 കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ചാൽ ശ്രീലങ്കയിലെത്താം.

നീലയിൽ കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന കടൽ. കടലിലേക്ക് നോക്കിയാൽ അതിന്റെ അടിത്തട്ടു വരെ തെളിഞ്ഞു കാണാം. മീനുകൾ യാത്രക്കാർ ഇട്ടു കൊടുക്കുന്ന കടലയും, പൊരിയും എത്തി പിടിക്കുവാനുള്ള ശ്രമത്തിലാണ്. എല്ലാ കടൽ വക്കങ്ങളില് കാണുന്നത് പോലെ ഇവിടെയുമുണ്ട് ഉപ്പിലിട്ട നെല്ലിക്കയും, പൈനാപ്പിളും, ചാമ്പക്കയും. ഓരോന്ന് വാങ്ങി കഴിയുമ്പോഴും കച്ചവടക്കാരുടെ തന്ത്രങ്ങൾക്കപ്പുറത്ത് പാട്ടിമാർ ചോദിക്കും പോതുമാ മ്മാ?

മിത്ത്

രാമായണവുമായി ബന്ധപ്പെട്ട വിശ്വാസവും ഇവിടെ നിലനിൽക്കുന്നുണ്ട്. രാവണൻ തട്ടി കൊണ്ട് പോയ സീതാഹയെ രക്ഷിക്കാൻ രാമൻ ഈ കടൽ മാർഗമാണ് ഉപയോഗിച്ചത്

സീതയെ വീണ്ടെടുക്കാനായി വാനരസൈന്യത്തിന്റെ സഹായത്തോടെ ശ്രീരാമൻ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് പോയത് ഇതുവഴിയാണ് എന്നാണു ഐതിഹ്യം. കടലിനടിയിൽ രാമസേതു ഇന്നും തെളിഞ്ഞു കാണാൻ കഴിയുമെന്നാണ് ഇവിടുത്തെ നാട്ടുകാർ പറയുന്നത്.

ധനുഷ്കോടിയിലെത്തി കഴിഞ്ഞാൽ കടലും, അരിച്ചൽ മുനയും കണ്ടതിനു ശേഷം ആ നാട്ടിലൂടെയൊന്നു നടക്കാം. പല മനുഷ്യരുടെ അറ്റു പോയ സ്വപ്നങ്ങളുടെ അവശേഷിപ്പുകൾ അവിടെ കാണുവാൻ സാധിക്കും.

പൊട്ടിപ്പൊളിഞ്ഞു ജീർണ്ണിച്ചു നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പഴയ ധനുഷ്‌കോടി റെയിൽവേ സ്റ്റേഷൻ, വാട്ടർ ടാങ്ക്, കസ്റ്റംസ് ഓഫിസ്, പോസ്റ്റ് ഓഫീസ് അങ്ങനെ പലതും നിങ്ങൾക്കവിടെ കാണുവാൻ സാധിക്കും. വിശുദ്ധ അന്തോണീസിന്റെ ദേവാലയം പ്രാർത്ഥന മണികളില്ലാതെ, മെഴുകുതിരി വെളിച്ചമില്ലാത്ത, ധൂപ കുറ്റിയുടെ വിശുദ്ധതയില്ലതെ പ്രേതാലയം പോലെ കിടക്കുന്നു.

1964 ഡിസംബർ 22 നാണു ഇവിടെ മഹാദുരന്തം സംഭവിക്കുന്നത് 110 പേരെയും കൊണ്ട് യാത്ര തിരിച്ച ‘ബോട്ട് മെയില്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന 653ആം നമ്പർ പാമ്പന്‍-ധനുഷ്‌ക്കോടി പാസഞ്ചർ അർധരാത്രി 11 55 നു കടലിലേക്ക് പതിച്ചു.

മഹാദുരന്തം

ധനുഷ്കോടിയിൽ താമസിച്ചിരുന്ന രണ്ടായിരത്തോളം മനുഷ്യരിൽ ഒരാളെപ്പോലും അവശേഷിപ്പിക്കാതെ കടൽ കൊണ്ട് പോയി. നേരം പുലർന്നപ്പോൾ ധനുഷ്കോടിയിൽ ആരും ശേഷിച്ചിരുന്നില്ല. ധനുഷ്‌ക്കോടി നഗരം തകര്‍ന്നു തരിപ്പണമായിക്കഴിഞ്ഞിരുന്നു. എല്ലാവിധ വാർത്താവിനിമയ മാർഗങ്ങളും തകർന്നു പോയതു കൊണ്ട് ഈ മഹാദുരന്തം ലോകത്തിന്റെ കാതുകളിലെത്തുന്നത് 48 മണിക്കൂറുകൾക്കു ശേഷമാണ്.

ഇപ്പോഴും ഇവിടെ ഗതി കിട്ടാത്ത ആത്മാക്കൾ അലഞ്ഞു നടക്കുന്നുണ്ട് എന്നാണ് നാട്ടുകാരുടെ വിശ്വാസം
രാത്രിയായാൽ ഇവിടെ ആരും പുറത്തിറങ്ങാറില്ല.

ധനുഷ്ക്കോടിയിൽ നിന്നുംകുറച്ചു നടന്നാൽ നല്ല സീ ഫുഡ് കിട്ടും. അത് കഴിച്ചു കഴിഞ്ഞാൽ കടൽ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വസ്തുക്കൾ വാങ്ങാൻ കിട്ടും. ഷോപ്പിങ്ങും കഴിഞ്ഞു നേരെ രാമേശ്വരത്തിലേക്ക് വരാം. രാമേശ്വരം എത്തിയാൽ രാമനാഥസ്വാമി ക്ഷേത്രം, അബ്ദുൽ കലാമിന്റെ വീട് തുടങ്ങിയവ കണ്ടു മടങ്ങാം