കഴിഞ്ഞ നിയമസഭയില്‍ ബിജെപിക്ക് ഒരു പ്രതിനിധി ഉണ്ടായിരുന്നു. 2016ല്‍ ബിജെപി അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസ് സ്വന്തം വോട്ട് ദാനം നല്‍കി ബിജെപിയെ നിയമസഭയില്‍ എത്തിച്ചു. ഇതൊന്നും ഞങ്ങളുടെ ചരിത്രത്തില്‍ കാണാനാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. 2011ല്‍ 17.38 ശതമാനം വോട്ടുനേടിയ യുഡിഎഫിനു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9.7 ശതമാനം വോട്ടു മാത്രമേ കിട്ടിയുള്ളൂ. ആ വോട്ട് കൊണ്ട് ബിജെപി അക്കൗണ്ട് തുറന്നു. 2021 ലെ തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ പരസ്യമായി പറഞ്ഞത് ആ അക്കൗണ്ട് പൂട്ടിക്കും എന്നാണ്. അത് ആ നിലയ്ക്ക് തന്നെ സംഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ പരിപാടികള്‍ ആരംഭിച്ചപ്പോള്‍ വയനാട്ടില്‍ രഹുല്‍ഗാന്ധി റോഡ്‌ഷോ നടത്തിയപ്പോള്‍ അതില്‍ കൊടി കാണാഞ്ഞതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. അതിന് പ്രതികരണം വന്നത് ‘പിണറായി വിജയന്റെയും ബിജെപിയുടെയും സ്വരം ഒരുപോലെ’ എന്നാണ്. സംഘപരിവാറിനോട് ഞങ്ങള്‍ക്കുള്ള എതിര്‍പ്പും തിരിച്ചിങ്ങോട്ടുള്ള ഹിംസാത്മകമായ ആക്രമണവും നാടിനും ജനങ്ങള്‍ക്കും അറിയാവുന്നതാണ്. സംഘപരിവാറുമായി കോണ്‍ഗ്രസ് എങ്ങനെ സമരസപ്പെടുന്നു എന്നത് തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളില്‍ ഞാന്‍ സംസാരിക്കുന്ന വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതുകൊണ്ടു തന്നെയാണ്, ബിജെപി മുക്തമായ ഒരു പൊതുവേദി അഖിലേന്ത്യാടിസ്ഥാനത്തില്‍ രുപം കൊണ്ടപ്പോള്‍ അതില്‍ സജീവമായിത്തന്നെ ഞങ്ങള്‍ അണിചേരുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ബിജെപി ജയിക്കില്ല. മാത്രമല്ല ഒന്നിലും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും ഉണ്ടാകില്ല. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണില്‍ കാലുറപ്പിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രത്തിനും ജനതയ്ക്കും നേരെ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചു വിരിച്ചെതിര്‍ക്കുകയും അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറപ്പ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മുഖ്യമായും പ്രകടന പത്രികകള്‍ അവതരിപ്പിച്ചുകൊണ്ടാണല്ലോ. കഴിഞ്ഞ ദിവസം സിപിഐഎം ലോകസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ലോകസഭയിലെ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിച്ചു കൊണ്ട് ബദല്‍ മത നിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി ഉറപ്പുവരുത്തുമെന്നാണ് മാനിഫെസ്റ്റോയിലെ പ്രഖ്യാപനം. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇന്ത്യയെന്ന ആശയത്തിനുമേല്‍ സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ കോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.