ബ്യൂണസ് ഐറിസ്: അർജന്‍റീനക്കായി പാരീസ് ഒളിമ്പിക്‌സിലെ ഫുട്‌ബാളിൽ ഇതിഹാസതാരം ലയണൽ മെസ്സിയുണ്ടാകില്ല. സൂപ്പർതാരം ടീമിലുണ്ടാകില്ലെന്ന് പരിശീലകൻ ഹാവിയർ മഷെറാനോ സ്ഥിരീകരിച്ചു. പകരം പ്രീമിയർ ലീഗിലെ രണ്ടു താരങ്ങളും മുൻ മാഞ്ചസ്റ്റർ സിറ്റി താരവും ഒളിമ്പിക്സിൽ അർജന്‍റീനക്കായി അണ്ടർ -23 ടീമിനൊപ്പം കളിക്കും.
ബ്രസീലിനെ തോൽപ്പിച്ചാണ് അർജന്‍റീന ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചത്. ഒളിമ്പിക്‌സിലെ ഫുട്‌ബാളിൽ അണ്ടർ-23 ടീമാണ് കളിക്കുന്നതെങ്കിലും ഈ പ്രായപരിധിയിൽപ്പെടാത്ത മൂന്നു സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാകും. മെസ്സിക്കുമുന്നിൽ അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന മഷെറാനോയുടെ വാക്കുകളാണ് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നത്.
ഇരുവരും അർജന്‍റീനാ ടീമിൽ ഏറെക്കാലം ഒരുമിച്ചുകളിച്ചിരുന്നു. മെസ്സിയുമായി മഷെറാനോക്ക് അടുത്തബന്ധവുമുണ്ട്. അതിനാൽ മെസ്സി ഇത്തവണ ഒളിമ്പിക്സിൽ കളിക്കാനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഗോൾ കീപ്പർ എമി മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, നികോളസ് ഒട്ടമെൻഡി എന്നിവരാണ് ഇത്തവണ അണ്ടർ-23 ടീമിനൊപ്പം കളിക്കാനിറങ്ങുന്നത്. 2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ മെസ്സി കളിച്ച അർജന്‍റീനാ ടീം സ്വർണം നേടിയിരുന്നു.
ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സിലെ ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്. ഇതേ സമയത്തു തന്നെയാണ് ഇന്‍റർ മയാമിയുടെ ലീഗ്സ് കപ്പ് മത്സരങ്ങളും അരങ്ങേറുന്നത്.
Read more : കണ്ണൂരിലെ സ്‌ഫോടനത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന വാദം ആവർത്തിച്ച് എം.വി ഗോവിന്ദൻ