പുസ്തകങ്ങള്‍ വായിച്ചും യോഗ ചെയ്തും തിഹാര്‍ ജയിലിലെ ജീവിതം ആരോഗ്യ വിജ്ഞാന പ്രദമാക്കുന്നതിനുള്ള ഇടപെടലാണ് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നടത്തുന്നത്. മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിലായ കെജരിവാളിനെ കഴിഞ്ഞ ദവിസമാണ് റിമാന്‍ഡു ചെയ്തത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ജയിലിലും രാജ്യ തലസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് അരവിന്ദ് കെജരിവാള്‍.
ദിനചര്യകള്‍ക്കൊന്നും മുടക്കമില്ലാതെ ആരോഗ്യവാനായിരിക്കുന്നുവെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പറുന്നത്. ജയിലില്‍ നിന്നുള്ള പുസ്തകങ്ങളും സന്ദര്‍ശകര്‍ കൊടുക്കുന്ന പുസ്തകങ്ങളുമാണ് വായിക്കാന്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ സമയവും വായിക്കാനാണ് ചെലവിടുന്നതെന്ന് ജയില്‍ റിപ്പോര്‍ട്ട്. അതിരാവിലെ ഉണരുകയും, കിടക്കുന്ന സെല്‍ സ്വയം തൂത്തുവാരുകയും ചെയ്തു കൊണ്ടാണ് ദിനചര്യകള്‍ക്ക് തുടക്കമിടുക. പിന്നീട് വരാന്തയില്‍ വെച്ചിട്ടുള്ള ടിവി കണ്ടുനില്‍ക്കുമെന്നുമാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹാളിലെ ടിവി കണ്ടശേഷം യോഗ ചെയ്യും. പിന്നീട് പ്രഭാതഭക്ഷണം കഴിക്കും. രണ്ട് കഷ്ണം ബ്രെഡും ചായയുമാണ് ആഹാരം. അതിന് ശേഷം പരിസരത്ത് നടക്കുമെന്നും ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് കെജ്രിവാളിനെ ഏപ്രില്‍ ഒന്നിന് തീഹാര്‍ ജയിയിലേക്ക് എത്തിച്ചത്.
കെജരിവാളിനെ ഇത്തിരി അന്ധാളിപ്പിലും ആശയക്കുഴപ്പത്തിലുമാണ് കാണുന്നതെന്നും ജയിലിനുള്ളിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതായി തോന്നുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അരവിന്ദ് കെജരിവാളിന്റെ ഭാരം, രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവ ദിവസവും രണ്ടുതവണ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. ദില്ലി മുഖ്യമന്ത്രി പൂര്‍ണമായും സുഖമായിരിക്കുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കെജ്രിവാളിന്റെ ബിപിയും ഷുഗറും നിയന്ത്രണത്തിലാണ്. ശരീര ഭാരം 65 കിലോയാണ്. ഭാരം ഇതുവരെ കുറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച് 21ന് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം അരവിന്ദ് കെജ്രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി പാര്‍ട്ടിയും ദില്ലി മന്ത്രി അതിഷിയും ആരോപിച്ചിരുന്നു. ചിലപ്പോള്‍ കട്ടിലിലിരുന്നു ചുറ്റുപാടുകള്‍ നിരീക്ഷിക്കുകയും, മറ്റു ചിലപ്പോള്‍ പുസ്തകം വായിക്കുകയും ചെയ്യും. അതേസമയം, കെജ്രിവാളിന് സെല്ലിന് പുറത്ത് നടക്കാന്‍ അനുവാദമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് അനുവദനീയമല്ല. മറ്റ് തടവുകാരുമായി സംസാരിക്കാനും കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിഹാറിലെ ജയില്‍ നമ്പര്‍ രണ്ടിലെ ജനറല്‍ വാര്‍ഡ് നമ്പര്‍ മൂന്നില്‍ സ്ഥിതി ചെയ്യുന്ന 14×8 അടി മുറിയിലാണ് കെജ്രിവാളിനെ പാര്‍പ്പിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ വായിക്കുകയും യോഗചെയ്യുകയും ധ്യാനിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ കെജരിവാള്‍ എഴുത്തിലും സജീവമാണ്. സെല്‍ വൃത്തിയാക്കാന്‍ എല്ലാ തടവുകാര്‍ക്കും നല്‍കിയപോലെ തന്നെ കെജരിവാളിനും ഒരു ചൂലും ബക്കറ്റും ഒരു തുണിയും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.