ഐ.എസ്.എല്ലിൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റി​നെ​തിരെ ​

ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾക്കിടയിലും പ്ലേ ഓഫ് റൗണ്ടിൽ പ്രവേശിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ. ഹോം മത്സരങ്ങൾ ഇതിനകം പൂർത്തിയായ മഞ്ഞപ്പടക്ക് ശേഷിക്കുന്നത് രണ്ട് എവേ മത്സരങ്ങളാണ്. ഏപ്രിൽ 12ന് അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയെയും ബ്ലാസ്റ്റേഴ്സ് നേരിടും. നിലവിൽ അഞ്ചാം സ്ഥാനക്കാരായ ഇവാൻ വുകമനോവിചിന്റെ സംഘത്തിന് അടുത്ത രണ്ട് കളികളും ജയിച്ചാലും നാലാം സ്ഥാനത്തേക്ക് ഉയരാൻ കഴിയില്ല. ആയതിനാൽ ഹോം ഗ്രൗണ്ടിൽ പ്ലേ ഓഫ് മത്സരമെന്ന മോഹവും പൊലിഞ്ഞു.

ഇന്ദിരഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് മത്സരം. കഴിഞ്ഞ ദിവസം കൊച്ചി‍യിൽ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന അവസാന ഹോം മാച്ചിൽ പതിവുപോലെ ലീഡ് പിടിച്ചശേഷം പ്രതിരോധനിരയുടെ പിഴവിൽ പിറകിൽ പോവുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ചുവപ്പ് കാർഡുകളും സെൽഫ് ഗോളുകളും പെനാൽറ്റിയും കൊണ്ട് സംഭവബഹുലമായ കളിയിൽ 2-4ന് തോറ്റു ടീം. ചുവപ്പ് കാർഡ് കണ്ട മധ്യനിരക്കാരൻ ജീക്സൺ സിങ്ങിന്റെയും ഡിഫൻഡർ നാവോച്ച സിങ്ങിന്റെയും സേവനം ബ്ലാസ്റ്റേഴ്സിന് നഷ്ടമാവും. ഡിഫൻഡർ ഹോർമിപാം റൂയിവയുടെ കാര്യത്തിലും ആശങ്കയുണ്ട്.

read more : ‘എൻ്റെ ക്ഷമ പരീക്ഷിക്കരുത്…’ പാക് ടീം നായകസ്ഥാനം നഷ്ടപ്പെട്ടതിൽ ഒടുവിൽ മൗനം വെടിഞ്ഞ് ഷഹീൻ അഫ്രീദി

19 മത്സരങ്ങളിൽ 20 പോയന്റുമായി 11ാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെ സംബന്ധിച്ച് ഇന്ന് ജീവന്മരണ പോരാട്ടമാണ്. ഇവർ ബാക്കിയുള്ള മൂന്ന് കളികളും ജയിച്ചാൽ ആറാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടക്കും. സൂപ്പർ കപ്പിലാണ് ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും അവസാനം മുഖാമുഖം വന്നത്. 4-1ന് നോർത്ത് ഈസ്റ്റ് ജയിച്ചു. സൂപ്പർ കപ്പിലും ഐ.എസ്.എല്ലിലുമായി കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് മഞ്ഞപ്പട ജയിച്ചത്.